കല്ലിങ്കീലില്‍ മഞ്ഞുരുകി-സുധാകരനുമായി കൂടിക്കാഴ്ച്ച-സസ്പെന്ഷന് പിന്‍വലിക്കും-

Report–കരിമ്പം.കെ.പി.രാജീവന്
തളിപ്പറമ്പ്: കല്ലിങ്കീലില്‍ മഞ്ഞുരുക്കം തുടങ്ങി, കെ.സുധാകരനും കല്ലിങ്കീലും തമ്മില്‍ കണ്ടു, സസ്പെന്ഷന് പിന്‍വലിക്കാന്‍ സാധ്യത.
കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് പാര്‍ട്ടിയില്‍ നിന്നും സസ്പെന്റ് ചെയ്യപ്പെട്ട കല്ലിങ്കീല്‍ പത്മനാഭന് ഇന്നലെ തളിപ്പറമ്പില്‍ സ്വകാര്യ ആവശ്യത്തിനെത്തിയ കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരനുമായി കൂടിക്കാഴ്ച്ച നടത്തി.
സുധാകരന് കാണണമെന്ന് ആവശ്യപ്പെട്ടതനുസരിച്ചാണ് കല്ലിങ്കീലും ഏതാനും അനുയായികളും സുധാകരനെ നേരില്‍ കണ്ടത്.
തനിക്ക് സംഭവിച്ച വീഴ്ച്ചകളില്‍ അത്മാര്‍ത്ഥമായി ഖേദപ്രകടനം നടത്തിയ കല്ലിങ്കീലിന്റെ വികാരം സുധാകരന് ഉള്‍ക്കൊണ്ടതായാണ് വിവരം.
തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനവും ഡയരക്ടര്‍ സ്ഥാനവും രാജിവെക്കാനുള്ള ഡി.സി.സിയുടെ നിര്‍ദ്ദേശം അനുസരിക്കാന്‍ തയ്യാറാവാതിരുന്നതിനെ തുടര്‍ന്നാണ് കല്ലിങ്കീലിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്തത്.
നിലവിലുള്ള തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്മാന് സ്ഥാനത്തുനിന്നും ഇദ്ദേഹത്തെ ഒഴിവാക്കാന്‍ നീക്കം നടക്കുന്നതായി സൂചനയുണ്ടായിരുന്നു.
ഈ സാഹചര്യത്തില്‍ കല്ലിങ്കീല്‍ ബാങ്ക് ഡയരക്ടര്‍ സ്ഥാനവും രാജിവെച്ചിരുന്നു.
കെ.സുധാകരന്റെ ജില്ലയിലെ ഏറ്റവും വിശ്വസ്തനായ അനുയായി എന്ന നിലയില്‍ കല്ലിങ്കീലിനോട് സുധാകരന് ഏറെ മാനസിക അടുപ്പമുണ്ടായിരുന്നു.
മാറിയ സാഹചര്യത്തില്‍ പാര്‍ട്ടിക്ക് പൂര്‍ണമായി വിധേയനായി പ്രവര്‍ത്തിക്കുന്ന കല്ലിങ്കീലിനെതിരെ കൂടുതല്‍ നടപടി വേണ്ടെന്ന് സുധാകരന് നിര്‍ദ്ദേശിച്ചതായാണ് അറിവ്.
നേരത്തെ കല്ലിങ്കീലിനെ കാണാന്‍ കൂട്ടാക്കാതിരുന്ന കെ.സുധാകരന് അദ്ദേഹത്തെ കേള്‍ക്കാന്‍ തയ്യാറായി എന്നത് വലിയ മാറ്റമായി തന്നെയാണ് അനുയായികള്‍ കാണുന്നത്.
പുതുവല്‍സരസമ്മാനമായി അദ്ദേഹത്തിന്റെ സസ്പെന്ഷന് പിന്‍വലിച്ച് പാര്‍ട്ടിയില്‍ തിരികെ പ്രവേശിപ്പിക്കുമെന്നാണ് വിവരം. അതുകൊണ്ടുതന്നെ വൈസ് ചെയര്മാന് സ്ഥാനത്ത് കല്ലിങ്കീല്‍ പത്മനാഭന് തുടരും.
