കാത്ത്‌ലാബുകളില്‍ ഒന്ന് പ്രവര്‍ത്തനയോഗ്യമായി-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്–

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ തകരാറിലായ കാത്ത്‌ലാബുകളില്‍ ഒന്ന് പ്രവര്‍ത്തനം തുടങ്ങി.

കഴിഞ്ഞ ദിവസം മൂന്ന് കാത്ത്‌ലാബുകളും പണിമുടക്കിയത് കാരണം നിരവധി രോഗികള്‍ മടങ്ങിപ്പോയിരുന്നു.

പ്രവര്‍ത്തനം മുടങ്ങിയതോടെ എല്ലാ ശസ്ത്രക്രിയകളും നിലച്ചിരുന്നു. ഇന്ന് രാവിലെ കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് വാര്‍ത്ത പുറത്തുവിട്ടതോടെ ഉന്നതലങ്ങളില്‍ നിന്നുണ്ടായ ഇടപെടലിനെ തുടര്‍ന്നാണ് താല്‍ക്കാലികമായി ഒരു കാത്ത്‌ലാബ് പ്രവര്‍ത്തനയോഗ്യമാക്കിയത്.

എ.സി.പ്ലാന്റ് അടിയന്തിരമായി നവീകരിച്ച് മൂന്ന് കാത്ത്‌ലാബുകളും പ്രവര്‍ത്തിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനോട് പറഞ്ഞു.

ഇക്കഴിഞ്ഞ നവംബര്‍ 18 ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് ഉദ്ഘാടനം ചെയ്ത കാത്ത്‌ലാബ് ഉള്‍പ്പെടെ പ്രവര്‍ത്തിക്കാത്ത അവസ്ഥയാണ്.

എ.സി.പ്ലാന്റ് നവീകരിക്കണമെന്ന് അഞ്ച് വര്‍ഷം മുമ്പുതന്നെ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഒന്നും നടന്നില്ല.

മൂന്ന് ലാബുകള്‍ക്കുമായി രണ്ട് പ്ലാന്റുകളാണുള്ളത്. പ്രതിദിനം നാല്‍പ്പതിനും അന്‍പതിനും ഇടയില്‍ ആഞ്ജിയോപ്ലാസ്റ്റിയും ആഞ്ജിയോഗ്രാമും നടത്തുന്ന കാത്ത്‌ലാബുകള്‍ പ്രവര്‍ത്തനം നിലച്ചതോടെ പാവപ്പെട്ട രോഗികള്‍ക്ക് സ്വകാര്യ കാര്‍ഡിയോളജി ആശുപത്രികളെ ശരണം പ്രാപിക്കേണ്ടി വന്നിരിക്കയാണ്.

രണ്ട് കാത്ത്‌ലാബുകളും കാലാവധി കഴിഞ്ഞതാണെങ്കിലും മാറ്റിസ്ഥാപിക്കാന്‍ യാതൊരു നീക്കവും നടക്കുന്നില്ല.

ആവശ്യത്തിന് ഫണ്ടുകളുണ്ടെങ്കിലും ഒന്നും നടക്കുന്നില്ലെന്നാണ് ആക്ഷേപം. ഒരു ദിവസം 30 പേരാണ് ശസ്ത്രക്രിയക്ക് കാത്തുനില്‍ക്കുന്നത്.

ഇപ്പോള്‍ പ്രവര്‍ത്തനം തുടങ്ങിയ 25 വര്‍ഷം പിന്നിട്ട കാത്ത്‌ലാബില്‍ 10 ശസത്രക്രിയകള്‍ മാത്രമേ ഒരു ദിവസം നടത്താന്‍ കഴിയൂ.

ഹൃദയാലയയെ എങ്ങിനെ നശിപ്പിക്കാം എന്ന കാര്യത്തില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് വേണ്ടി ഗവേഷണം നടത്തുന്നവരാണ് ഇന്നത്തെ ദു:സ്ഥിതിക്ക് കാരണമെന്നാണ് പൊതുജനാരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്.