തളിപ്പറമ്പ് അംശക്കച്ചേരിയും ഗ്രാമക്കോടതിയും ഇനി ഓര്‍മ്മ-പൊളിച്ചുനീക്കല്‍ തുടങ്ങി.
തളിപ്പറമ്പ്: പെരുഞ്ചല്ലൂര്‍ അംശക്കച്ചേരി എന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിച്ച തളിപ്പറമ്പ് പഴയ വില്ലേജ് ഓഫീസ് കെട്ടിടം ഇനി ഓര്‍മ്മ.

ലക്ഷ്മിപുരം അംശക്കച്ചേരിയെന്നും പിന്നീട് അറിയപ്പെട്ട ഈ കെട്ടിടം തളിപ്പറമ്പ് റവന്യൂടവര്‍ നിര്‍മ്മാണത്തിനായിട്ടാണ് പൊളിച്ചുനീക്കിത്തുടങ്ങിയത്.
1910 ലാണ് 115 വര്‍ഷം മുമ്പ് തളിപ്പറമ്പ് താലൂക്ക് ഓഫീസ് കെട്ടിടത്തിന് സമീപത്തായി അംശക്കച്ചേരിയും പ്രവര്‍ത്തിച്ചു തടങ്ങിയത്.
അന്ന് പോലീസ് സ്റ്റേഷനും സബ് ജയിലും താലൂക്ക് ഓഫീസിനോടനുബന്ധിച്ചായിരുന്നു.
വളരെ ഇടുങ്ങിയ നിലയിലുള്ള രണ്ട് മുറികളുള്ള ഈ കെട്ടിടം അന്ന് ഗ്രാമക്കോടതിയായിട്ടും പ്രവര്‍ത്തിച്ചിരുന്നു.
അംശക്കച്ചേരിയുടെ ചുമതലയുണ്ടായിരുന്ന ഓഫീസര്‍ അധികാരി എന്ന പേരിലാണ് അന്ന് അറിയപ്പെട്ടിരുന്നത്.
അധികാരിക്ക് തൊട്ടുതാഴെയുള്ള ഉദ്യോഗസ്ഥനെ മേനോന് എന്നായിരുന്നു വിളിച്ചിരുന്നത്.
വലിയ അധികാരങ്ങളുള്ള വ്യക്തിയായിരുന്നു അന്നത്തെ കാലത്ത് അംശം അധികാരികള്‍.
മലബാര്‍ ജില്ലയില്‍ ബ്രിട്ടീഷ് ഭരണകാലത്ത് ഉണ്ടായിരുന്ന 429 അംശക്കച്ചേരികളില് പ്രധാനപ്പെട്ടതായിരുന്നു തളിപ്പറമ്പിലേത്.
ഇന്നത്തെ കുറുമാത്തൂര്‍, പരിയാരം, മൊറാഴ വില്ലേജുകളും അന്ന് തളിപ്പറമ്പിന്റെ ഭാഗമായിരുന്നു.
1889 ലെ ഗ്രാമക്കോടതി നിയമപ്രകാരം 20 രൂപയില്‍ കുറവുള്ള വ്യവഹാരവസ്തു സംബന്ധിച്ച കേസുകളുടെ വിചാരണകളും ഇവിടെ നടന്നിരുന്നു.
1956 ലാണ് അംശക്കച്ചേരികള് നിര്‍ത്തലാക്കി പകരം വില്ലേജ് ഓഫീസുകള്‍ നിലവില്‍വന്നത്.
2012 വരെ തളിപ്പറമ്പ് വില്ലേജ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത് ഈ കെട്ടിടത്തിലായിരുന്നു.
കാലത്തിനൊത്ത നവീകരണം പഴയ കെട്ടിടത്തില്‍ അസാധ്യമാണെന്ന് വന്നതോടെയാണ് ഓഫീ്സ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയത്.
പിന്നീട് അത്യാവശ്യം അറ്റകുറ്റപ്പണികള്‍ നടത്തിയ കെട്ടിടം താലൂക്ക് ഓഫീസിലെ ഡ്രൈവര്‍മാരുടെയും ക്ലാസ്ഫോര്‍ ജീവനക്കാരുടെയും വിശ്രമമുറിയായി മാറ്റിയിരുന്നു.
ആര്.ഡി.ഒ. ഓഫീസ്, താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവ ഒറ്റ സമുച്ചയത്തിലേക്ക് കൊണ്ടുവരാനുള്ള സര്‍ക്കാര്‍ തീരുമാനപ്രകാരം റവന്യൂടവറിന്റെ പണി ആരംഭിച്ചതോടെയാണ് പഴയ കെട്ടിടം പൊളിക്കാന്‍ തീരുമാനിച്ചത്.
പുതിയ കെട്ടിടം പൊളിക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടായിരുന്നു 115 വര്‍ഷം പഴക്കമുള്ള ഈ കെട്ടിടം പൊളിക്കാനെന്ന് റവന്യൂടവറിന്റെ സൈറ്റ് എഞ്ചിനീയര്‍ രത്നാകരന് പറഞ്ഞു.
സ്വാതന്ത്ര്യസമരത്തിനും അടിയന്തിരാവസ്ഥക്കാലത്തെ നിരവധി പോലീസ് നടപടികള്‍ക്കും മൂകസാക്ഷിയായ കെട്ടിടമാണ് ഇതോടെ കാലയവനികക്കുള്ളിലേക്ക് മറയുന്നത്.
115 വര്‍ഷം പഴക്കമുള്ള പഴയ താലൂക്ക് ഓഫീസ് റവന്യൂ മ്യൂസിയമായി മാറ്റാനാണ് തീരുമാനം.
