തളിപ്പറമ്പ് താലൂക്ക് ഓഫീസ് കെട്ടിടത്തിന് 115 വയസ് പൂര്‍ത്തിയായി
തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഓഫീസ് കെട്ടിടത്തിന് 115 വയസ് പൂര്‍ത്തിയായി.

1910 ജൂലായ്-1 നാണ് ചിറക്കല്‍ താലൂക്ക് ഓഫീസിന്റെ കീഴില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ഓഫീസായി തളിപ്പറമ്പ് താലൂക്ക് കച്ചേരി ആരംഭിച്ചത്.
അന്ന് തളിപ്പറമ്പ് പോലീസ് സ്റ്റേഷനും സബ് ജയിലും ഇതേ കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്.
സ്വാതന്ത്ര്യസമരകാലത്ത് നിരവധി സമരസേനാനികളെ ഇവിടെ പ്രവര്‍ത്തിച്ചിരുന്ന ജയിലില്‍ അടച്ചിരുന്നു.
17 സെല്ലുകളാണ് അന്നുണ്ടായിരുന്നത്. ഇപ്പോള്‍ അതെല്ലാം താലൂക്ക് ഓഫീസിന്റെ ഭാഗമാക്കി വിവിധ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുകയാണ്.
1910 ല്‍ ആരംഭിച്ച ഡെപ്യൂട്ടി തഹസില്‍ദാര്‍ ഓഫീസ് സ്വാതന്ത്ര്യത്തിന് ശേഷം 1957 നവംബര്‍ ഒന്നിനാണ് തഹസില്‍ദാര്‍ ഓഫീസായി മാറിയത്.
കെ.തെയ്യുണ്ണി നായരാണ് ആദ്യത്തെ തഹസില്‍ദാര്‍.
68 വര്‍ഷത്തിനിടയില്‍ 100 തഹസില്‍ദാര്‍മാരാണ് തളിപ്പറമ്പില്‍ ജോലി ചെയ്തത്.
നൂറാമത്തെ തഹസില്‍ദാരായി മാതമംഗലം സ്വദേശി പി.സജീവനാണ് നിലവില്‍ ചുമതലയിലുള്ളത്.
115 വര്‍ഷത്തിനിടയില്‍ രണ്ട് വര്‍ഷം മുമ്പാണ് താലൂക്ക് ഓഫീസില്‍ കാര്യമായ അറ്റകുറ്റപ്പണികള്‍ നടത്തിയത്.
നേരിയ ചോര്‍ച്ചകള്‍ ഒഴിച്ചാല്‍ കാര്യമായ കേടുപാടുകളൊന്നും തന്നെ ഈ കെട്ടിടത്തിനില്ല.
പുതിയ കാലഘട്ടത്തിന്റെ ഭാഗമായി ഇപ്പോള്‍ പുതിയ റവന്യൂ ടവര്‍ നിര്‍മ്മാണം പഴയ താലൂക്ക് ഓഫീസിന് സമീപത്തായി ആരംഭിച്ചിട്ടുണ്ട്.
ആര്.ഡി.ഒ ഓഫീസ്, താലൂക്ക് ഓഫീസ്, ഭുരേഖ വിഭാഗം തഹസില്‍ദാര്‍ ഓഫീസ്, തളിപ്പറമ്പ് വില്ലേജ് ഓഫീസ് എന്നിവയാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചാല്‍ പുതിയ റവന്യൂ ടവറില്‍ പ്രവര്‍ത്തിക്കുക.
കണ്ണൂര്‍ ജില്ലയില്‍ കണ്ണൂര്‍, തളിപ്പറമ്പ്, തലശേരി എന്നീ താലൂക്ക് ഓഫീസുകളാണ് നേരത്തെ ഉണ്ടായിരുന്നത്.
മലയോര മേഖലകളുടെ കവാടമായി അറിയപ്പെടുന്ന തളിപ്പറമ്പ് താലൂക്കിന്റെ ഭാഗമായിരുന്ന വിവിധ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി 2018 മാര്‍ച്ച് 10 നാണ് പയ്യന്നൂര്‍ കേന്ദ്രമാക്കി പുതിയ താലൂക്ക് ഓഫീസ് ആരംഭിച്ചത്.
നിലവില്‍ തളിപ്പറമ്പ്, ആന്തൂര്‍, ശ്രീകണ്ഠാപുരം നഗരസഭകളും 15 പഞ്ചായത്തുകളുമാണ് തളിപ്പറമ്പ് താലൂക്ക് പരിധിയിലുള്ളത്. 28 വില്ലേജ് ഓഫീസുകളും തളിപ്പറമ്പ് താലൂക്ക് പരിധിയിലുണ്ട്.
