കോണ്‍ഗ്രസ് പദയാത്ര തളിപ്പറമ്പില്‍ ശക്തിപ്രകടനമായി മാറി-137-ാം വാര്‍ഷിക പദയാത്ര സമാപിച്ചു-
തളിപ്പറമ്പ്: തളിപ്പറമ്പിനെ പ്രകമ്പനം കൊള്ളിച്ച് കോണ്‍ഗ്രസ് പദയാത്ര. അടുത്തകാലത്തൊന്നും തളിപ്പറമ്പ് സാക്ഷ്യംവഹിച്ചിട്ടില്ലാത്ത ശക്തിപ്രകടനമാണ് പദയാത്രക്ക് സമാപനം കുറിച്ച് ഇന്ന് തളിപ്പറമ്പില്‍ നടന്നത്.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 137-ാം വാര്‍ഷികത്തോടനുബന്ധിച്ച് തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പദയാത്ര മുന്‍ ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി തൃച്ചംബരം പെട്രോള്‍പമ്പിന് സമീപം ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് അഡ്വ.ടി.ആര്‍.മോഹന്‍ദാസ് നയിച്ച ജാഥക്ക് തുള്ളന്നൂര്‍, പൂക്കോത്ത്‌തെരു, മാന്തംകുണ്ട്, പുളിമ്പറമ്പ് എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി.
ചിറവക്ക് വഴി തളിപ്പറമ്പ് നഗരത്തിലെത്തിയ ജാഥയോടൊപ്പം ഈസ്റ്റ് മണ്ഡലം കമ്മറ്റി നടത്തിയ പദയാത്രയും സംഗമിച്ചു.
സമാപന സമ്മേളനം കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി. അബ്ദുള്‍റഷീദ് ഉദ്ഘാടനം ചെയ്തു.
അഡ്വ.ടി.ആര്‍.മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രജനി രമാനന്ദ്, ബ്ലോക്ക് സെക്രട്ടറി എം.എന്‍.പൂമംഗലം, അഡ്വ. സക്കരിയ്യ കായക്കൂല്‍, സോമനാഥന്‍ മാസ്റ്റര്‍, വി.അഭിലാഷ്, വി.രാഹുല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കല്ലിങ്കീല്‍ പത്മനാഭനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തതോടെ നേരത്തെ പ്രവര്‍ത്തന രംഗത്തുനിന്ന് മാറിനിന്ന നിരവധിപേരാണ് ഇത്തവണ പദയാത്രയില്‍ സജീവമായി പങ്കെടുത്തത്.
