സിപിഐ(എം) നേതാവും മുന്‍ കുന്നംകുളം എം.എല്‍.എ യുമായ ബാബു എം.പാലിശ്ശേരി നിര്യാതനായി.
തൃശ്ശൂര്‍: സിപി എം നേതാവും മുന്‍ കുന്നംകുളം എം.എല്‍.എയുമായ ബാബു എം.പാലിശ്ശേരി(67)നിര്യാതനായി.

പാര്‍ക്കിന്‍സണ്‍സ് രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രണ്ടുദിവസം മുമ്പാണ് കുന്നംകുളം യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ തുടരുന്നതിനിടെയാണ് അന്ത്യം.
2006, 2011 കാലഘട്ടങ്ങളില്‍ കുന്നംകുളം എംഎല്‍എ ആയിരുന്നു. കൊരട്ടിക്കരയില്‍ ജനിച്ച അദ്ദേഹം 1980-ല്‍ ഡി.വൈ.എഫ്.ഐയിലൂടെയാണ് പൊതുരംഗത്തെത്തിയത്.
ഡിവൈഎഫ്ഐയുടെ സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം, സി.പി.ഐ(എം) തൃശ്ശൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം പ്രമുഖ ഇടതുപക്ഷ രാഷ്ട്രീയ നേതാവായിരുന്നു.
2001-ലും 2006-ലും കുന്നംകുളം നിയോജക മണ്ഡലത്തില്‍ നിന്നുമുള്ള കേരള നിയമസഭയിലെ അംഗമായിരുന്ന ബാബു എം.പാലിശ്ശേരി, ജനകീയ വിഷയങ്ങള്‍ സഭയിലെത്തിക്കുന്നതില്‍ അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്നു.
ഗ്രന്ഥശാലാസംഘം ജില്ലാ പ്രസിഡന്റ്, സി.ഐ.ടി.യു ജോ.സെക്രട്ടറി, കേരള കലാമണ്ഡലം എക്സിക്യൂട്ടീവ് ബോര്‍ഡ് അംഗം തുടങ്ങി സാംസ്കാരിക, തൊഴിലാളി, കായിക മേഖലകളിലെല്ലാം അദ്ദേഹം നിര്‍ണ്ണായക പങ്കുവഹിച്ചു.
മുന്‍ നിയമസഭാംഗവും സി.പി.ഐ(എം)നേതാവുമായിരുന്ന ബാബു എം.പാലിശ്ശേരിയുടെ നിര്യാണത്തില്‍ സ്പീക്കര്‍ അനുശോചനം രേഖപ്പെടുത്തി.
ബാബു എം.പാലിശ്ശേരിയുടെ വിയോഗത്തില്‍ കേരള നിയമസഭയുടെ പേരിലും തന്റെ പേരിലുമുള്ള അനുശോചനം രേഖപ്പെടുത്തുന്നുവെന്നും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും സ്പീക്കര്‍ പറഞ്ഞു
