വികസനം കേരളത്തില്‍ മാത്രമല്ല നടക്കുന്നത്.- ഒരു വന്‍കിടവ്യവസായമെങ്കിലും, കാണിക്ക്.

കഴിഞ്ഞ ഒരു മാസത്തിലേറെയായി അച്ചടിപത്രങ്ങളിലും ചാനലുകളിലും സമൂഹമാധ്യമങ്ങളിലും പിണറായി വിജയന്‍ സര്‍ക്കാറിന്റെ മേന്‍മകള്‍ വിവരിക്കുന്ന പരസ്യങ്ങള്‍ കോടികള്‍ മുടക്കിയാണ് പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നത്.
പുതിയ ആശുപത്രി കെട്ടിടങ്ങള്‍, സ്‌ക്കൂള്‍ കെട്ടിടങ്ങള്‍, റോഡുകള്‍, പാലങ്ങള്‍, തുരങ്കപ്പാതകള്‍ തുടങ്ങി നിരവധി വികസനപദ്ധതികള്‍ കേരളത്തില്‍ കഴിഞ്ഞ 10 വര്‍ഷം കൊണ്ട് നടപ്പാക്കിയെന്നും ഇനിയും വികസനം നടപ്പിലാക്കാന്‍ മൂന്നാമതും തങ്ങളെ അധികാരം ഏല്‍പ്പിക്കൂ എന്നുമാണ് പിണറായി പറഞ്ഞുകൊണ്ടിരിക്കുന്നത്.
പിണറായി വിജയന്‍ സര്‍ക്കാര്‍ കഴിഞ്ഞ 10 വര്‍ഷം കൊണ്ട് കേരളത്തില്‍ എത്ര വന്‍കിട വ്യവസായം തുടങ്ങി എന്നത് പരസ്യം ചെയ്യാമോ-ഹോട്ടലുകളും കൂള്‍ബാറുകളും സ്റ്റാര്‍ട്ടപ്പുകളുടെ ലിസ്റ്റില്‍ പെടുത്തി ഗിമ്മിക്കുകള്‍ കാണിക്കാതെ നാട്ടിന്റെ പുരോഗതിക്ക് എത്ര വ്യവസായങ്ങള്‍ ആരംഭിച്ചു, അവിടെ ഇത്രലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കി എന്നൊരു പരസ്യം നല്‍കാന്‍ സാധിക്കുമോ-
ഏതൊരു സംസ്ഥാനത്തിന്റെയും ബലം ആ നാട്ടിലെ വന്‍കിട വ്യവസായങ്ങളാണ്. വന്‍കിട വ്യവസായശാലകളാണ് നാടിന് ആവശ്യം അത്തരത്തില്‍ ഒന്നുപോലും പിണറായി ഭരണത്തില്‍ കേരളത്തില്‍ ഉണ്ടായിട്ടില്ല.
ഞാന്‍ വികസനം തന്നു, കോടികള്‍ ഒഴുക്കി-ഇനിയും തരാം എനിക്ക് അധികാരം തരൂ എന്നാണ് പറയുന്നത്.
തളിപ്പറമ്പ് നിയോജകമണ്ഡലത്തില്‍ 2000 കോടിയുടെ വികസനം കൊണ്ടുവന്നു എന്നാണ് തളിപ്പറമ്പ് എം.എല്‍.എ പറയുന്നത്.
അതില്‍ ഒരു കേടുപാടുകളുമില്ലാതെയുള്ള 4 ലക്ഷം രൂപക്ക് സ്ഥാപിച്ച, ഒരു രണ്ട് ലക്ഷത്തിന്റെ നവീകരണം നടത്തിയാല്‍ തന്നെ മിനുക്കിയെടുക്കാമായിരുന്ന ബസ് വെയിറ്റിംഗ് ഷെല്‍ട്ടറിന്റെ സ്ഥാനത്ത് 30 ലക്ഷം രൂപ ചെലവില്‍ സ്ഥാപിച്ച പുതിയ ബസ് വെയിറ്റിംഗ് ഷെല്‍ട്ടറും ഉള്‍പ്പെടുന്നുണ്ട്.
കൂടാതെ നടപ്പാതയില്‍ ടൈല്‍സ് സ്ഥാപിച്ചുകൊണ്ടുള്ള സൗന്ദര്യവല്‍ക്കരണവും മാഷ് ചെയ്യുന്നുണ്ട്. ഇതൊന്നും വേണ്ട എന്നല്ല പറയുന്നത്.
പക്ഷെ, തളിപ്പറമ്പ് നിയോജകമണ്ഡലത്തില്‍ 5000 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ഒരു വ്യവസായ സംരംഭം തുടങ്ങിയെന്ന് പറഞ്ഞ് ഉയര്‍ത്തിക്കാണിക്കാന്‍ എന്തുണ്ട്-
വികസനത്തിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാണിക്കുമ്പോള്‍ അതിന്റെ മറുവശത്ത് നടക്കുന്ന അന്തര്‍ധാര ഇടപാടുകളും അതില്‍ അടങ്ങിയിട്ടുണ്ട്.
ജനങ്ങള്‍ക്ക് വേണ്ടി എന്നുപറഞ്ഞ് നടപ്പിലാക്കുന്ന പല പദ്ധതികളിലും കണ്‍സ്ട്രക്ഷന്‍ ആന്റ് കമ്മീഷന്‍ ഇടപാടുകള്‍ പഞ്ചായത്ത് തലം മുതല്‍തന്നെ നടക്കുന്നുണ്ടെന്നത് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും അടിസ്ഥാന സൗകര്യവികസനത്തില്‍ വലിയ മാറ്റങ്ങള്‍ നടക്കുന്നുണ്ട്.
റോഡുകളും പാലങ്ങളും ആശുപത്രികളും വിദ്യാലയങ്ങളും നല്ലരീതിയില്‍ വികസിച്ചുവരുന്നുണ്ട്. പക്ഷെ, അവിടങ്ങളിലൊക്കെ അതിന് ആനുപാതികമായി വന്‍കിട വ്യവസായങ്ങളും വരുന്നുണ്ട്.
കേരളത്തില്‍ പിണറായി സര്‍ക്കാറിന് കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഒരൊറ്റ വന്‍കിട വ്യവസായം പോലും കൊണ്ടുവരാന്‍ സാധിച്ചിട്ടില്ല.
അതേ അവസരത്തില്‍ ജനാധിപത്യം എന്ന വാക്ക് പോലും പിണറാധിപത്യം എന്ന വാക്കിന് വഴിമാറുകയും ചെയ്തു.
പ്രതിഷേധിക്കുക എന്ന ജനാധിപത്യ അവകാശത്തെ ഇത്രയേറെ ചവിട്ടിമെതിച്ച ഒരു മുഖ്യമന്ത്രി കേരളത്തിന്റെ ചരിത്രത്തില്‍ എവിടെയുമില്ല.
കറുത്ത ഷര്‍ട്ട് ധരിച്ചവരെപോലും വേട്ടയായിയ ഒരു ഭരണകൂടം. വികസനപരസ്യങ്ങളെന്ന ഊതിവീര്‍പ്പിച്ച ബലൂണുകളൊക്കെ പൊട്ടാന്‍ പോവുകയാണ്.