റിട്ട.എസ്.ഐയുടെ വീട്ടില്‍ സാമൂഹ്യദ്രോഹികളുടെ ആക്രമണം
തളിപ്പറമ്പ്: പുളിമ്പറമ്പ് കരിപ്പൂലിലെ റിട്ടയേഡ് എസ് ഐ ഫ്രാന്‍സിസിന്റെ വീട്ടില്‍ സാമൂഹ്യ ദ്രോഹികളുടെ അക്രമം.
2019 ല്‍ മാങ്ങാട് കെ.എ.പി ക്യാമ്പില്‍ നിന്ന് എസ്.ഐ ആയി വിരമിച്ച ഫ്രാന്‍സിസ് ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ ആരംഭിച്ച മത്സ്യകൃഷിയാണ് സാമൂഹ്യദ്രോഹികള്‍ പൂര്‍ണ്ണമായും നശിപ്പിച്ചത്.
ആറു വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന ഈ മത്സ്യകൃഷിയില്‍ ഏഴര മാസം മുന്‍പാണ് ആയിരത്തോളം ഗിഫ്റ്റ് തിലോപ്പിയ മത്സ്യത്തിന്റെ വിത്ത് ഇറക്കിയത്.
അവ പ്രസവിച്ചതടക്കം ഇരുപതിനായിരം ലിറ്റര്‍ വെള്ളം കൊള്ളുന്ന ജലസംഭരണിയില്‍ രണ്ടായിരത്തോളം മത്സ്യങ്ങളാണ് ഉണ്ടായിരുന്നത്.
ഈ ജലസംഭരണിയിലെ മത്സ്യങ്ങളാണ് സാമൂഹ്യദ്രോഹികളുടെ അക്രമത്താല്‍ പൂര്‍ണമായും നശിപ്പിക്കപ്പെട്ടത്.
പെസഹ വ്യാഴാഴ്ച വൈകുന്നേരം ആറുമണിക്ക് പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്ക് പോയി ഏറെ വൈകിയാണ് അവര്‍ വീട്ടില്‍ തിരിച്ചെത്തിയത്.
പിറ്റേന്ന് ദുഃഖവെള്ളി ആയതിനാല്‍ രാവിലെതന്നെ പള്ളിയിലേക്ക് പോവുകയും ചെയ്തു.
ഉച്ചയ്ക്ക് 11.30ന് വീട്ടിലെത്തി മത്സ്യത്തിന് ഭക്ഷണം കൊടുക്കുവാന്‍ വേണ്ടി ജല സംഭരണിക്കരികിലെത്തിയപ്പോഴാണ് ടാങ്കിലുള്ള വെള്ളം മുഴുവന്‍ തുറന്നു വിട്ട് അതിനുള്ള മുഴുവന്‍ മത്സ്യവും ചത്തുകിടക്കുന്നതായി കണ്ടത്.
തലേന്ന് സന്ധ്യക്ക് വരെ നിറയെ വെള്ളം ഉണ്ടായിരുന്ന ടാങ്കിലെ വെള്ളം മുഴുവന്‍ തുറന്നുവിട്ട് മത്സ്യകൃഷി പൂര്‍ണമായും നശിപ്പിച്ച് ഒരു ലക്ഷം രൂപയോളം നഷ്ടം വരുത്തിയതില്‍ ഫ്രാന്‍സിസ് തളിപ്പറമ്പ് പോലീസ് സ്റ്റേഷന് പരാതി നല്കി.
റിട്ടയര്‍ ആയതിനുശേഷം പൂര്‍ണ്ണമായും കൃഷിയില്‍ ശ്രദ്ധ ചെലുത്തുന്ന ഫ്രാന്‍സിസിന് കോഴി, മുയല്, ആട്, മത്സ്യം, പച്ചക്കറി തുടങ്ങി നിരവധി തരത്തിലുള്ള കൃഷികള്‍ ഉണ്ട്.

