ഏപ്രില്‍ 9 നിര്‍ണായകമാണ്-ജനാധിപത്യത്തിന്റെ പുനര്‍നിര്‍മ്മിതിക്ക്-ധാര്‍ഷ്ട്യത്തിന്റെ അവസാനത്തിന്

നാളെ കേരളത്തിന്റെ ചരിത്രത്തില്‍ നിര്‍ണായകമായ ഒരു ദിവസമാണ്.

10 വര്‍ഷത്തെ പിണറായിസ്റ്റ് ഭരണം ഇനിയും തുടരണമോ എന്ന് തീരുമാനിക്കാനുള്ള അവകാശം.

വികസനം എന്ന പേരില്‍ റോഡുകളും പാലങ്ങളും സ്‌ക്കൂള്‍ കെട്ടിടങ്ങളും സ്റ്റേഡിയങ്ങളും ഉള്‍പ്പെടെ കോടാനുകോടിയുടെ നിര്‍മ്മിതികള്‍ ഇവിടെ ഉണ്ടാകുന്നുണ്ട്.

ഇതാണോ വികസനത്തിന്റെ അടയാളങ്ങള്‍? അല്ലെന്നതാണ് മുഖംനോക്കാതെയുടെ പക്ഷം.

ഒരൊറ്റ വന്‍കിട വ്യവസായം പോലും 10 വര്‍ഷത്തിനിടയില്‍ കേരളത്തില്‍ വന്നില്ല, റിസോര്‍ട്ടുകളും ആശുപത്രികളും ഹോട്ടലുകളുമല്ലാതെ.

മറുഭാഗത്ത് ഭാഗത്ത് രക്തസാക്ഷിയുടെ പേരില്‍ പിരിച്ചെടുത്ത ഫണ്ടില്‍ നിന്ന് പണം വെട്ടിച്ചെന്ന പയ്യന്നൂരിലെ ആരോപണത്തിന് വ്യക്തമായ മറുപടിപോലും നല്‍കാന്‍ തയ്യാറാവാത്ത പാര്‍ട്ടി നേതൃത്വം ഫണ്ടിന്റെ പേരില്‍ ആരോപണങ്ങള്‍ നേരിടുന്ന വ്യക്തിയെ തന്നെ വികസനത്തിന്റെ കാവലാള്‍ എന്ന പേരില്‍ അവതരിപ്പിക്കുന്നു.

തളിപ്പറമ്പില്‍ ഭര്‍ത്താവ് മൂന്ന് തവണ ഇരുന്ന തളിപ്പറമ്പിലെ എം.എല്‍.എ കസേരയില്‍ ഭാര്യയെ ഇരുത്താനും അരിയിട്ടുവാഴ്ച്ച നടത്താനുമുള്ള വെപ്രാളം.

വിദ്യാര്‍ത്ഥി കാലത്ത് എസ്.എഫ്.ഐയുടെ മെമ്പറായതിന്റെ വിപ്ലവവീര്യമാണ് ഭാര്യയുടെ പോരാട്ടക്കരുത്തെന്ന് പാര്‍ട്ടിയിലെ പാണന്‍മാര്‍ പാടിക്കൊണ്ടിരിക്കുന്നു.

ഇതൊക്കെ നടക്കുന്നതിന്റെ കാരണം തങ്ങള്‍ ആരെ നിര്‍ത്തിയാലും കുത്തെടാ എന്ന് പറഞ്ഞാല്‍ അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ വോട്ടുകുത്തുന്ന വെറും തൊഴിലാളികളാണ്, അടിമകളാണ് അണികളെന്ന ധിക്കാരം തന്നെയാണ്.

ഈ ധിക്കാരമാണ് കടക്കുപുറത്തെന്നും വീട്ടില്‍പോയി പറയണമെന്നും ഡേഷ് മോനേ രേവന്തേ എന്ന് പറയാനും പാര്‍ട്ടിയുടെ വലിയ മുതലാളിക്ക് ധൈര്യം നല്‍കുന്നത്.

കേരളത്തിന്റെ ദേശീയപാതയോരങ്ങളില്‍ ഉയര്‍ത്തിയ പിണറായിയുടെ വലിയ ചിത്രം പേറുന്ന ബോര്‍ഡുകള്‍ ബസില്‍ യാത്രചെയ്യുന്നവരെ ഓര്‍മ്മിപ്പിക്കുന്നത് വരാന്‍പോകുന്ന വിപത്തിനെക്കുറിച്ചാണെന്ന് വ്യക്തം.

ആ മുഖത്ത് വിരിയുന്ന വികാരം കടുത്ത ധാര്‍ഷ്ട്യത്തിന്റേതാണ്.

അത് തുടരാന്‍ അനുവദിക്കരുത്.

ജനാധിപത്യത്തില്‍ പ്രതിഷേധങ്ങള്‍ക്ക് വലിയ വിലയുണ്ട്. ബ്രിട്ടീഷ് ഭരണാധികാരികള്‍ പോലും ആ പ്രതിഷേധത്തെ അംഗീകരിച്ചിരുന്നു.

എന്നാല്‍ പ്രതിഷേധിച്ചവരെ ഹെല്‍മെറ്റുകൊണ്ട് തച്ചുടച്ച് അതിന് രക്ഷാപ്രവര്‍ത്തനം എന്ന പേര് പതിച്ചുനല്‍കാന്‍ ഈയൊരു ഭരണാധികാരിക്കല്ലാതെ മറ്റാര്‍ക്കാണ് കഴിയുക.

അതുകൊണ്ടുതന്നെ ഇത്തവണ വോട്ടെടുപ്പ് കേരളത്തെ സംബന്ധിച്ച് നിര്‍ണായകമാണ്.

കമ്യൂണിസം വിജയിച്ചാലും പിണറായിസം ഒരിക്കലും വിജയിക്കരുത്.

തീരുമാനമെടുക്കാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമേയുള്ളൂ.