ജനങ്ങള്‍ക്കൊപ്പമുണ്ട്–കറപ്പക്കുണ്ടില്‍ അടച്ചവഴി തുറപ്പിച്ച് കൗണ്‍സിലര്‍ ചെറുകുന്നോന്‍

തളിപ്പറമ്പ്: കരിമ്പം ഫാമിനുള്ളില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഫാം അതിര്‍ത്തിയില്‍ താമസിക്കുന്നവര്‍ക്ക് ദുരിതമായി, നഗരസഭ കൗണ്‍സിലര്‍ ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിച്ചു.

നബാര്‍ഡിന്റെ സ്‌കീമില്‍ ഉള്‍പ്പെടുത്തി ഫാമിനകത്തെ പഴക്കംചെന്ന കുളം നവീകരിക്കുന്ന പ്രവൃത്തി മാസങ്ങളായി നടന്നുവരികയാണ്.

ഇതിനാവശ്യമായ വഴിയൊരുക്കാനായി ജെ.സി.ബി വെച്ച് പണി നടത്തിയതിന്റെ മണ്ണും കുളത്തില്‍ നിന്നും കരക്കെടുത്ത മണ്ണും അള്ളാംകുളം ഭാഗത്തുനിന്നും കറപ്പക്കുണ്ട് വഴി ഒഴുകിയെത്തുന്ന വെള്ളം കടന്നുപോകുന്ന വഴി പൂര്‍ണമായി അടച്ച നിലയിലാക്കി.

മഴ വരുന്നതിന് മുമ്പായി മണ്ണ് നീക്കിയില്ലെങ്കില്‍ പ്രശ്‌നം ഗുരുതരമാകുമെന്നതിനാല്‍ നാട്ടുകാര്‍ വിവരം നഗരസഭ കൗണ്‍സിലര്‍ ഫൈസല്‍ ചെറുകുന്നോനെ അറിയിക്കുകയായിരുന്നു.

അദ്ദേഹം ഫാം സൂപ്രണ്ടുമായും മറ്റ് അധികൃതരുമായും ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഫാം അധികൃതര്‍ സ്ഥലം സന്ദര്‍ശിക്കുകയും തോട് അടഞ്ഞതിന്റെ ഗൗരവം ബോധ്യപ്പെടുകയും ചെയ്തു.

അടിയന്തിര നടപടികള്‍ സ്വീകരിച്ച് അടഞ്ഞുപോയ തോട്ടില്‍ നിന്നും മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്.

പ്രവൃത്തി പൂര്‍ത്തീകരിച്ച് തോട് പഴയപടി വെള്ളം സുഗമമായി ഒഴുകിപ്പോകുന്ന വിധത്തില്‍ മാറ്റിയെടുക്കുമെന്ന് ഫാം അധികൃതര്‍ ഉറപ്പുനല്‍കിയായി കൗണ്‍സിലര്‍ ഫൈസല്‍ ചെറുകുന്നോന്‍ അറിയിച്ചു.