ദളപതി വിജയ് ഇനി തമിഴ്‌നാട് ഭരിക്കും; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ നാളെ രാവിലെ 11 മണിക്ക്

ചെന്നൈ: തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് നാളെ രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

കോണ്‍ഗ്രസിനു പിന്നാലെ സിപിഎം, സിപിഐ, വിസികെ കക്ഷികളും വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ ഭരിക്കാനാവശ്യമായ 118 അംഗങ്ങളുടെ പിന്തുണ ടിവികെ ഉറപ്പാക്കി.

ഇന്ന് വൈകീട്ടോടെ അദ്ദേഹം ലോക്ഭവനിലെത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ കണ്ട് 118 അംഗങ്ങളുടെ പിന്തുണ കത്ത് കൈമാറി സര്‍ക്കാരുണ്ടാക്കാനുള്ള അവകാശമുന്നയിച്ചു.

പിന്നാലെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ വിജയ്യെ ക്ഷണിച്ചു.

നാളെ രാവിലെ 11 മണിക്ക് ചെന്നൈയിലാണ് സത്യപ്രതിജ്ഞ എന്നാണ് പുറത്തു വരുന്ന വിവരം.

ജവഹാര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ചടങ്ങുകള്‍.

കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്നും വിവരമുണ്ട്.

ഇതോടെ തമിഴ് രാഷ്ട്രീയത്തിന്റെ ദിശ മാറ്റുന്ന ഒരു സഖ്യ സര്‍ക്കാരിന് നാളെ ചെന്നൈയില്‍ തുടക്കമാകും.

തമിഴ്നാട് രാഷ്ട്രീയത്തില്‍ പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന ദ്രാവിഡ കക്ഷികളുടെ ആധിപത്യത്തിന് അന്ത്യം കുറിച്ചാണ് ദളപതി വിജയ് ഭരണത്തിലേക്ക് വരുന്നത്.

കേവല ഭൂരിപക്ഷത്തിനായി കഠിനശ്രമം നടത്തിയാണ് വിജയ് മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്നത്.

234 അംഗ നിയമസഭയില്‍ 108 (വിജയ് രണ്ട് സീറ്റുകളില്‍ മത്സരിച്ചിരുന്നു.

രണ്ടും വിജയിച്ചതിനാല്‍ ഫലത്തില്‍ 107 സീറ്റുകള്‍) സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ഭൂരിപക്ഷത്തിന് 11 സീറ്റുകള്‍ കൂടി വിജയ്ക്ക് ആവശ്യമായിരുന്നു.

കോണ്‍ഗ്രസിന്റെ പിന്തുണയ്ക്ക് പിന്നാലെ സിപിഐ, സിപിഎം, വിസികെ പാര്‍ട്ടികള്‍ കൂടി പിന്തുണ പ്രഖ്യാപിച്ചതോടെ വിജയ് സുരക്ഷിതമായ ഭൂരിപക്ഷത്തിലേക്ക് എത്തിച്ചേരുകയായിരുന്നു.

ജനവിധി മാനിച്ചുകൊണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് പിന്തുണ നല്‍കാന്‍ സി.പി.ഐ, സി.പി.എം, വി.സി.കെ എന്നീ പാര്‍ട്ടികള്‍ തീരുമാനിച്ചതില്‍ ഞങ്ങള്‍ക്ക് വലിയ സന്തോഷമുണ്ട്.

വിജയ്യെ തമിഴ്നാടിന്റെ മുഖ്യമന്ത്രിയാക്കാന്‍ അവര്‍ തയ്യാറായതോടെ രാഷ്ട്രീയ അനിശ്ചിതത്വം അവസാനിച്ചിരിക്കുന്നു- നേരത്തെ ടി.വി.കെ ഭാരവാഹി കാമരാജ് ചെന്നൈയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചതോടെയാണ് പിന്തുണയുടെ കാര്യത്തില്‍ സ്ഥിരീകരണം വന്നത്.

കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലേറെയായി തമിഴ്നാട് ഭരിച്ചിരുന്ന ഡിഎംകെ, എഐഎഡിഎംകെ എന്നീ കക്ഷികളെ പിന്തള്ളിക്കൊണ്ടാണ് വിജയ് അധികാരത്തിലേക്ക് എത്തുന്നത് എന്നത് ദേശീയ രാഷ്ട്രീയത്തിലും ശ്രദ്ധേയമാണ്.

താഴെത്തട്ടിലുള്ള ജനകീയ വിഷയങ്ങളില്‍ ഊന്നിയുള്ള രാഷ്ട്രീയത്തിനാണ് ഇപ്പോള്‍ തമിഴകം അംഗീകാരം നല്‍കിയിരിക്കുന്നത്.