തളിപ്പറമ്പ് താലൂക്ക് തല താലൂക്ക് തല സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

തളിപ്പറമ്പ്:സെന്‍സസ് 2027 ന്റെ തളിപ്പറമ്പ് താലൂക്ക് തല പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.

ആദ്യഘട്ട സെന്‍സസ് ജൂലൈ 1 മുതല്‍ 31 വരെ നടക്കും.

ചരിത്രത്തിലാദ്യമായി പൂര്‍ണ്ണമായും ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ മൊബൈല്‍ ആപ്പ് ഉപയോഗിച്ചാണ് ഇത്തവണ സെന്‍സസ് നടത്തുന്നത്.

ആദ്യഘട്ടത്തില്‍ വീടുകളുടെ കണക്കാണ് എടുക്കുക. വീടുകളുടെ അവസ്ഥ, കുടിവെള്ളം, ശുചിമുറി സൗകര്യങ്ങള്‍, വീട്ടിലുള്ള വാഹനങ്ങള്‍, ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ളവയെ കുറിച്ചുള്ള 33 ചോദ്യങ്ങള്‍ ആദ്യഘട്ടത്തിലുണ്ടാവും.

രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ 2027 ഫെബ്രുവരിയില്‍ നടക്കും. രണ്ടാംഘട്ടത്തില്‍ ജനസംഖ്യ കണക്കെടുപ്പാണ് നടക്കുന്നത്.

ഇതില്‍ വ്യക്തികളുടെ വിദ്യാഭ്യാസം, തൊഴില്‍, ഭാഷ തുടങ്ങി സാമൂഹിക സാമ്പത്തിക വിവരങ്ങളാണ് ശേഖരിക്കുന്നത്.

താലൂക്കിന് കീഴിലുള്ള 15 പഞ്ചായത്തിലും 23 വില്ലേജുകളിലുമായി സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്ക് 743 ഹൗസ് ലിസ്റ്റിംഗ് ബ്ലോക്കുകള്‍( HLB ) തയ്യാറാക്കുന്ന ജോലികള്‍ ഇതിനകം പൂര്‍ത്തിയായി.

ഇതിനായി 678  എന്യൂമറേറ്റര്‍മാര്‍ക്കും 104 സൂപ്പര്‍വൈസര്‍മാര്‍ക്കും ഉള്ള പരിശീലനം നല്‍കി കഴിഞ്ഞു.

സെന്‍സസ് നടപടിക്രമത്തിന് മുന്നോടിയായി വിവരങ്ങള്‍ ഓണ്‍ലൈനായി സ്വയം നല്‍കുന്ന സെല്‍ഫ് എന്യൂമറേഷന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

വ്യക്തികള്‍ക്ക് എന്യൂമറേറ്റര്‍മാര്‍ വീടുകളില്‍ എത്തുന്നതിന് മുന്നേ തന്നെ സ്വന്തം വിവരങ്ങള്‍ മൊബൈല്‍ ഫോണ്‍ വഴിയോ കമ്പ്യൂട്ടര്‍ വഴിയോ se.census gov.in എന്ന വെബ്‌സൈറ്റ് വഴി നല്‍കാന്‍ സാധിക്കും.

ഇത്തരത്തില്‍ 33 ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയാല്‍ സെല്‍ഫ് എന്യൂമറേഷന്‍ ഐഡി ലഭിക്കും.

എന്യൂമറേറ്റര്‍മാര്‍ വീട്ടിലെത്തിയാല്‍ ഈ ഐഡി കാണിച്ചാല്‍ പ്രവര്‍ത്തി എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും.

സെന്‍സസ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനായി പ്രശസ്ത തെന്നിന്ത്യന്‍ സിനിമാതാരം ആതിര രാജിന്റെ കുറുമാത്തൂരിലെ വീട്ടിലെത്തി തളിപ്പറമ്പ് തഹസില്‍ദാര്‍ കെ.സന്തോഷ് സെല്‍ഫ് എന്യൂമറേഷന്‍ പ്രവര്‍ത്തികള്‍ക്ക് തുടക്കം കുറിച്ചു.

സെല്‍ഫ് എന്യൂമറേഷന്‍ നടത്തുക വഴി ഞാന്‍ ഭാരതീയ സെന്‍സസിന്റെ ഭാഗമായെന്നും എല്ലാവരും സെല്‍ഫ് എന്യൂമറേഷന്‍ പൂര്‍ത്തിയാക്കി സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ വിജയകരമാക്കാന്‍ സഹകരിക്കണമെന്നും ആതിരാരാജ് പറഞ്ഞു.

ചടങ്ങില്‍ തളിപ്പറമ്പ തഹസില്‍ദാര്‍ കെ.സന്തോഷ്, ജൂനിയര്‍ സൂപ്രണ്ട് വി.അനില്‍കുമാര്‍ , സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ പി. എസ്.വീണ, റവന്യൂ ഇന്‍സ്‌പെക്ടര്‍ പി.വി.വിനോദ് . കുറുമാത്തൂര്‍ വില്ലേജ് ഓഫീസര്‍ ടി.കെ.ബിജോയ്, സീനിയര്‍ ക്ലര്‍ക്ക് വി.കെ. ഷൈനി, ടെക്നിക്കല്‍ അസിസ്റ്റന്റ് അഭിഷേക് തുടങ്ങിയവര്‍ പങ്കെടുത്തു.