പൂപ്പറമ്പില്‍ അതിഥി തൊഴിലാളി കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍, സഹോദരി ഭര്‍ത്താവ് പോലീസ് കസ്റ്റഡിയില്‍

പൂപ്പറമ്പ്: കുടിയാന്മല പോലീസ് സ്റ്റേഷന്‍ പരിധിയിലെ പൂപ്പറമ്പില്‍ അതിഥി തൊഴിലാളിയെ കുളിമുറിയില്‍ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടു.

ഒഡീഷ സ്വദേശിയായ ഫിലിപ്പ് (35) ആണ് മരിച്ചത്. കൊല്ലപ്പെട്ട ഫിലിപ്പിന്റെ സഹോദരി ഭര്‍ത്താവായ രമേശനാണ് ഫിലിപ്പിനെ കൊലപ്പെടുത്തിയത്.

രമേശനെ കുടിയാന്മല പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മദ്യപാനവും കുടുംബപ്രശ്നങ്ങളുമാണ് കൊലയ്ക്ക് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.

ഇന്നലെ രാത്രി പത്തോടെ സംഭവം പുറത്തറിഞ്ഞതോടെ നൂറുകണക്കിനാളുകള്‍ സ്ഥലത്ത് തടിച്ച് കൂടിയിരുന്നു.

കെട്ടിട നിര്‍മാണ ജോലികള്‍ക്കായി എത്തിയ തൊഴിലാളികളാണിവര്‍.

വര്‍ഷങ്ങളായി പൂപ്പറമ്പില്‍ വാടക കെട്ടിടത്തിലെ താമസക്കാരാണ്.

കൂടെ താമസിച്ചിരുന്ന മറ്റൊരു അന്യസംസ്ഥാന തൊഴിലാളി സംഭവം നാട്ടുകാരോട് പറഞ്ഞപ്പോഴാണ് നാട്ടുകാരും സംഭവം അറിഞ്ഞത്.

ഉടന്‍ തന്നെ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കുടിയാന്മല പോലീസ് സ്റ്റേഷന്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ എന്‍.ജെ.ജോസ്, എസ്‌ഐമാരായ പ്രകാശന്‍ പടിക്കല്‍, സുനില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.