കേരളത്തിലെ നാലുകെട്ടുകളുടെ ഗ്രാമം—-ദേവഭൂമിയിലൂടെ ഒരു തീര്‍ത്ഥയാത്ര–ഭാഗം-മൂന്ന്

കേരളത്തിലെ നാലുകെട്ടുകളുടെ ഗ്രാമം

        കൈതപ്രം ഗ്രാമത്തെ നാലുകെട്ടുകളുടെ മാത്രം ഗ്രാമമെന്ന് ഉറപ്പിച്ച് പറയാം.

ഒരു കാലത്ത് നാലുകെട്ടുകളും എട്ടുകെട്ടുകളും മാത്രമായിരുന്നു ഈ ഗ്രാമത്തിലെ വീടുകള്‍,

എന്നാല്‍ ഇപ്പോള്‍ കാലത്തിന്റെ കുത്തൊഴുക്കിലും നിര്‍മ്മാണ വൈദഗ്ധ്യമുള്ള തൊഴിളാലാളികളെ കിട്ടാത്തതിനാലും ഈ ഗ്രാമത്തിലും സാധാരണ വീടുകള്‍ കടന്നെത്തി തുടങ്ങിയിട്ടുണ്ട്.

പക്ഷെ പലരും നാലുകെട്ട് മാതൃകയില്‍ ചെറിയ വീടുകളും നിര്‍മ്മിക്കുന്നുണ്ട്.

അതിപ്രാചീന കേരളീയ വാസ്തുശാസ്ത്ര പ്രകാരം ജീവിക്കാന്‍ ഏറ്റവും ഉദാത്തമായ മാതൃകകളാണ് നാലുകെട്ടുകള്‍,

നാലുകെട്ടുകള്‍ക്കായി മാത്രമായി ഒരു ഗ്രാമം കേരളത്തിലില്ലെന്നതാണ് വസ്തുത.

ചതുശ്ശാല എന്നാണ് നാലുകെട്ടുകള്‍ വിളിക്കപ്പെടുന്നത്. താമസിക്കുന്നവര്‍ക്ക് ആയുസ്സ്, ആരോഗ്യം, സമ്പത്ത് എന്നിവ വര്‍ദ്ധിക്കുന്ന രീതിയിലുള്ള കണക്കുകളിലാണ് നാലുകെട്ടുകളുടെ നിര്‍മ്മിതി.

വീടുകള്‍ നിര്‍മ്മിച്ചവര്‍ക്കും അവിടെ താമസിക്കുന്നവര്‍ക്കും ഐശ്വര്യം പ്രദാനംചെയ്യത്തക്ക രീതിയിലാണ് നാലുകെട്ടുകളുടെ തച്ചുശാസ്ത്രം. അതുകൊണ്ടുതന്നെയായിരിക്കാം ഇന്നും സമ്പന്നമായ ഒരു ബ്രാഹ്മണഗ്രാമമായി കൈതപ്രം നിലനില്‍ക്കുന്നത്.

നാലുകെട്ടുകള്‍ നിര്‍മ്മിക്കുമ്പോള്‍ ചില മുറികള്‍ നിര്‍മ്മിക്കുന്നതിന് ആശാരിമാര്‍ തമ്മില്‍ മത്സരം പോലും പഴയകാലത്ത്
ഉണ്ടാകാറുണ്ടെന്ന് കേട്ടിട്ടുണ്ട്.

നടുമുറ്റം, പടിപ്പുര, ദേഹണ്ഡപ്പുര, ഗൃഹങ്ങള്‍, കുളം എന്നിവയും നാല്‍പ്പതും അതിലധികവും മുറികള്‍ വരുന്നതാണ് നാലുകെട്ടുകള്‍,

നടുമുറ്റവും നാല് അങ്കണങ്ങളും അതിനോട് ചേര്‍ന്ന് നാല് കോണ്‍പുരകളും ചേര്‍ന്നതിനാലാണ് ഇത്തരം വീടുകളെ നാലുകെട്ടുകള്‍ എന്ന് വിളിക്കുന്നത്.

കാറ്റും വെളിച്ചവും കൃത്യമായി ക്രമീകരിക്കുന്ന രീതിയിലാണ് ഇവയുടെ നിര്‍മ്മാണം നടത്തിയിരി ക്കുന്നത്.

ഇപ്പോള്‍ കൈതപ്രം ഗ്രാമത്തില്‍ പതിനൊന്ന് നാലുകെട്ടുകളും രണ്ട് എട്ടുകെട്ടുകളുമുണ്ട്.

ഇവയില്‍ പലതും കൃത്യമായ സംരക്ഷണമില്ലാതെ നാശത്തിന്റെ വക്കിലാണ്.

പ്രാചീനമായ കൊത്തുശില്പങ്ങളും വാസ്തുവിദ്യകളുമടങ്ങിയ നാലുകെട്ടുകളും എട്ടുകെട്ടുകളും പതിനഞ്ചും ഇരുപതും വര്‍ഷംവരെ പണിയെടുത്താണ് നിര്‍മ്മിച്ചിരിക്കുന്നത്.

പുറത്തുനിന്നൊരാള്‍ വന്നാല്‍ നാലുകെട്ടുകള്‍ക്കകത്ത് കയറിയാല്‍ രക്ഷപ്പെടുക അസാധ്യമാണ്.

അഗാധമായ നിലവറകളടക്കമുള്ള ഈ നാലുകെട്ടുകള്‍ ഇന്നും അത്ഭുതം തന്നെയാണ്.

പുറത്തുനിന്ന് പൂട്ടിയിടാന്‍ പറ്റാത്തരീതിയിലാണ് ഇവയുടെ നിര്‍മ്മിതി. അതുകൊണ്ടുതന്നെ വീട്ടിനകത്ത് സദാസമയവും ആളുകള്‍ ഉണ്ടായിരിക്കും.

ഓരോ നമ്പൂതിരി കുടുംബത്തിലും നിത്യവുമുള്ള പൂജയും വിളക്കുവെപ്പും മുടങ്ങാതിരിക്കാനായിരിക്കും ഇത്തരത്തിലൊരു നിര്‍മ്മിതിനടത്തിയതെന്നാണ് അഭിപ്രായം.

സാധാരണ വീടിന്റെ മേല്‍ക്കൂരകള്‍ പോലെയല്ല നാലുകെട്ടുകളുടെ നിര്‍മ്മിതി.

മേല്‍ക്കൂരകള്‍ക്ക് രണ്ട് വാരികള്‍ അടിച്ചാണ് ഓടുവെക്കുക. ഓടിളക്കിയാലും കള്ളന്‍മാര്‍ക്ക് അകത്തേക്ക് കടക്കാനാവില്ല.

ഇന്നത്തെ എയര്‍കണ്ടീഷന്‍ ഘടിപ്പിച്ച വീടുകളുടെ അവസ്ഥയാണ് നാലുകെട്ടുകള്‍ക്കുള്ളില്‍ കയറിയാല്‍ അനുഭവപ്പെടുക.

കടുത്ത ചൂടില്‍ പുറത്ത് നില്‍ക്കാനാവാത്ത സ്ഥിതിയാണെങ്കിലും നാലു കെട്ടുകള്‍ക്കകത്ത് തണുപ്പായിരിക്കും. പുറത്ത് തണുപ്പാകുമ്പോള്‍ അകത്ത് ചൂടായിരിക്കും അവസ്ഥ.

ചെങ്കല്ലുകള്‍ ചെത്തിയെടുത്ത് നിര്‍മ്മിച്ച നാലുകെട്ടുകള്‍ നൂറ്റാണ്ടുകള്‍ പലത് കഴിഞ്ഞിട്ടും പുത്തന്‍ പോലെ നില്‍ക്കുന്നതിന് കാരണം അന്നത്തെ നിര്‍മ്മാണ വൈദഗ്ധ്യം തന്നെയാണ്.

പരിസ്ഥിത സൗഹൃദം പുലര്‍ത്തിയാണ് എല്ലാ നാലുകെട്ടുകളും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്.

പരിസ്ഥിതി സംരക്ഷത്തിന്റെ ഉദാത്ത മാതൃകകളാണ് ഓരോ നാലുകെട്ടുകളും.

എല്ലാ നാലുകെട്ടുകളോട് ചേര്‍ന്നും കുളപ്പുരയുള്ള കുളങ്ങളും കാവും ഉണ്ടാകും.

നാലുകെട്ടുകള്‍ക്ക് വേണ്ടി മരങ്ങള്‍ മുറിച്ചെടുക്കുമ്പോള്‍ അവയോട് പോലും അനുവാദം ചോദിച്ചതിന് ശേഷമാണ് മുറിച്ചുമാറ്റുക.

ഇത്തരത്തില്‍ മനുഷ്യനേയും മനുഷ്യനിര്‍മ്മിതിയേയും പ്രകൃതിയുമായി കൂട്ടിയിണക്കിയ പാരമ്പര്യമാണ് ബ്രാഹ്മണസമൂഹത്തിന് ഉള്ളത്.

എട്ട് വര്‍ഷം കൊണ്ട് തീര്‍ത്ത കുളം

     ഗ്രാമത്തില്‍ എട്ടു വര്‍ഷംകൊണ്ട് പണിതീര്‍ത്ത ഒരു കുളമുണ്ട്. കൈതപ്രത്തെ പരേതനായ കാനപ്രം നാരായണന്‍ നമ്പൂതിരിയുടെ ഇല്ലത്താണ് ഈ പ്രാധാന്യമുള്ള കുളമുള്ളത്.

അരയേക്കര്‍ വിസ്തൃതതിയുള്ള ഈ കുളം മുഴുവന്‍ ചെങ്കല്ല് സിമന്റ് ചേര്‍ക്കാതെയാണ് നിര്‍മ്മിച്ചത്.

കുളത്തിന് ഉപയോഗിച്ച ഒരു കല്ല് ഒരാള്‍ക്ക് എടുത്തുപൊക്കാന്‍ കഴിയില്ല. അന്‍പതിലധികം പടികളുള്ള ഈ കുളത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെ കുളിസ്ഥലം ഉണ്ട്.

പ്രമുഖനായ ഒരു വാസ്തുശില്‍പ്പിയുടെ നേതൃത്വത്തില്‍ എട്ടുവര്‍ഷം കൊണ്ടാണ് ഈ കുളം നിര്‍മ്മിച്ചത്.

ഒരിക്കലും ഈ കുളം വറ്റിലല്ലെന്നതാണ് മറ്റൊരു വസ്തുത. കേരളീയ പ്രാചീന വാസ്തുശില്‍പകലയുടെ ഉദാത്ത മാതൃകയായ ഈ കുളം കാണാന്‍ നിരവധി പേരാണ് ഇപ്പോഴും എത്തുന്നത്.

കൈതപ്രം ഗ്രാമത്തിലെ പുതിയ തലമുറയ്ക്കും നാലുകെട്ടുകളോട് തന്നെയാണ് പ്രിയം.

പക്ഷെ പഴയ രീതിയിലുള്ള നാലുകെട്ടുകളുടെ നിര്‍മ്മിതി ഇനി സാധ്യമല്ലാത്തതിനാല്‍ ചിലര്‍ പുതിയ രീതിയില്‍ വീടുണ്ടാക്കുന്നു.

മറ്റു ചിലരാകട്ടെ പഴയ ഓര്‍മ്മകള്‍ നിലനിര്‍ത്താന്‍ പുതിയ രീതിയില്‍ കിട്ടാവുന്ന സാമഗ്രികള്‍ ഉപയോഗിച്ച് നാലുകെട്ടുകള്‍ തന്നെ പണിയുന്നു.

എന്തായാലും നാലുകെട്ടുകള്‍ കൈതപ്രം ഗ്രാമത്തിന്റെ ഐശ്വര്യമാണ്.

ചെങ്കല്ലുപാകിയ മുറ്റവും നടുമുറ്റവും നിത്യപൂജയും തനത് ഈ നാലുകെട്ടുകളാണല്ലോ. നാലുകെട്ടുകള്‍ക്ക് പറയാന്‍ ഒരുപാട് കഥകളുണ്ട്.

ചുമരില്‍ കോറിയിട്ട ചിത്രങ്ങളും മരത്തില്‍ കൊത്തിയ ചിത്രങ്ങളും ഗ്രാമത്തിന്റെ ഐശ്വര്യം ഓര്‍മ്മിപ്പിക്കും.

കൈതപ്രം ഗ്രാമത്തെക്കുറിച്ച് പറയാന്‍ ഇനിയുമുണ്ട് ഏറെ. അതേക്കുറിച്ച് നാളെ. (നാളെ-ദേവചൈതന്യമായി വീരാളി പത്മം)