തളിപ്പറമ്പ് മണ്ഡലം–നിര്‍ത്തിവെച്ച കെ.എസ്.ആര്‍.ടി.സി-നാളെ മുതല്‍ പുനരാരംഭിക്കും-

തളിപ്പറമ്പ്: യാത്രാപ്രശ്‌നത്തിന് പരിഹാരമായി തളിപ്പറമ്പ് മണ്ഡലത്തിലെ വിവിധ റൂട്ടുകളില്‍ കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിക്കുന്നു.

തളിപ്പറമ്പ്-പാച്ചേനി-തിരുവട്ടൂര്‍- ചപ്പാരപ്പടവ്, വാരംകടവ്-പറശ്ശിനിക്കടവ്-തളിപ്പറമ്പ് എന്നീ റൂട്ടുകളിലെ നിര്‍ത്തിവച്ചിരുന്ന കെഎസ്ആര്‍ടിസി സര്‍വീസുകളാണ് നാളെ (തിങ്കളാഴ്ച) മുതല്‍ സര്‍വീസ് പുനരാരംഭിക്കുന്നത്.

കുടിയാന്മല-പെരുമ്പടവ് വഴി മംഗലാപുരം, കണ്ണൂര്‍-പെരുമാച്ചേരിമയ്യില്‍-ശ്രീകണ്ഠാപുരം ബസ് സര്‍വീസുകള്‍ കഴിഞ്ഞയാഴ്ച മുതല്‍ പുനരാരംഭിച്ചിരുന്നു.

തദ്ദേശ സ്വയംഭരണ-എക്‌സൈസ് മന്ത്രി എം.വി. ഗോവിന്ദന്‍മാസ്റ്റര്‍ ഗതാഗത മന്ത്രി അഡ്വ.ആന്റണി രാജുവുമായി ഇത് സംബന്ധിച്ച് നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് സര്‍വീസ് പുനരാരംഭിക്കുന്നത്.

നിര്‍ത്തിവച്ച റൂട്ടുകളില്‍ സാധ്യമായവ പുനരാരംഭിക്കുകയും മറ്റുള്ള റൂട്ടുകളില്‍ നിലവില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്സുകളുടെ റൂട്ടുകള്‍ ക്രമീകരിച്ചുകൊണ്ടും യാത്രക്കാര്‍ക്ക് ബസ്സുകള്‍ ലഭ്യമാക്കും.

ബുധനാഴ്ച മുതല്‍ പൂര്‍ണതോതില്‍ സര്‍വീസ് തുടങ്ങാനാകുമെന്ന് കണ്ണൂര്‍ ഡിസ്ട്രിക്റ്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.