കുതിരവട്ടം കൊലപാതകം-മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു-

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലെ അന്തേവാസിയായ യുവതി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആശുപത്രിയില്‍ പരിശോധന നടത്തി.

കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജു നാഥാണ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് പരിശോധിച്ചത്.

സംഭവത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.

മാനസികാരോഗ്യകേന്ദ്രത്തിലെ ദാരുണ സംഭവം അത്യന്തം ഗൗരവകരമാണെന്നും റിപ്പോര്‍ട്ടുകള്‍ ലഭിച്ച ശേഷം ആവശ്യമായ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും ജുഡീഷ്യല്‍ അംഗം കെ.ബൈജു നാഥ് പറഞ്ഞു.

മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ടും ജില്ലാ പോലീസ് മേധാവിയും 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

മാര്‍ച്ച് 22ന് കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.

മാനസികാരോഗ്യകേന്ദ്രത്തിലെത്തിയ കമ്മീഷന്‍ അംഗം, അധികൃതരും അന്തേവാസികളുമായി സംസാരിച്ചു.

ഇത്തരമൊരു ദാരുണ സംഭവത്തിലേക്ക് നീണ്ട സാഹചര്യം അദ്ദേഹം പരിശോധിച്ച് മനസിലാക്കി.

കൊലപാതകം തടയുന്നതില്‍ അധികൃതര്‍ക്ക് പിഴവ് സംഭവിച്ചെന്ന പരാതിയും കമ്മീഷന്‍ പരിശോധിക്കും.

മഹാരാഷ്ട്ര സ്വദേശിനി ജയറാം ജിലോട്ട് (30) ആണ് മരിച്ചത്.