തീര്‍ഥാടന ടൂറിസം: തിരുവങ്ങാട് ജഗന്നാഥ ക്ഷേത്രം സൗന്ദര്യവത്കരണ പ്രവൃത്തി തുടങ്ങി

തലശേരി: ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ തലശ്ശേരി തിരുവങ്ങാട് ജഗന്നാഥക്ഷേത്രം പൈതൃക ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗന്ദര്യവത്കരിക്കുന്ന പ്രവൃത്തി ആരംഭിച്ചു.

എ.എന്‍.ഷംസീര്‍ എം എല്‍ എ നടപ്പാതയില്‍ കല്ലുപാകി ഉദ്ഘാടനം ചെയ്തു.

പ്രധാന ക്ഷേത്രങ്ങളില്‍ ടൂറിസം വകുപ്പിന്റെ സഹായത്തോടെ നവീകരണ പ്രവൃത്തി നടത്തുന്നതിലൂടെ തീര്‍ഥാടനടൂറിസം രംഗത്ത് കൂടുതല്‍ ഉണര്‍വ് ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

തീര്‍ഥാടന ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കിഡ്ക്) അനുവദിച്ച 3.80 കോടി രൂപ ഉപയോഗിച്ചാണ് ജഗന്നാഥ ക്ഷേത്രം സൗന്ദര്യവത്ക്കരിക്കുന്നത്.

നടപ്പാത, ഗാലറി, ഗുരുമന്ദിരത്തിന് ചുറ്റും ഗ്രാനൈറ്റ് പതിക്കല്‍, ക്ഷേത്രക്കുള നവീകരണം, റോഡ് റീ ടാറിങ് തുടങ്ങിയവയാണ് ആദ്യ ഘട്ടത്തില്‍ 1.39 കോടി രൂപ ചെലവില്‍ നടപ്പാക്കുന്നത്.

ക്ഷേത്രത്തിലേക്കുള്ള റോഡ് ടാറിങ് പൂര്‍ത്തിയായി. രണ്ടാം ഘട്ടത്തില്‍ ശ്രീനാരായണ ഗുരു മ്യൂസിയം, ഇന്‍ഫര്‍മേഷന്‍ സെന്റര്‍ എന്നിവ നിര്‍മ്മിക്കും.

ചടങ്ങില്‍ ജഗന്നാഥക്ഷേത്രം ജ്ഞാനോദയ യോഗം പ്രസിഡന്റ് കെ.സത്യന്‍ അധ്യക്ഷത വഹിച്ചു.

തലശ്ശേരി നഗരസഭ വൈസ് ചെയര്‍മാന്‍ വാഴയില്‍ ശശി, ജ്ഞാനോദയ യോഗം ഡയറകടര്‍മാരായ ഇ.ചന്ദ്രന്‍, കെ.അജിത്കുമാര്‍, കെ.കെ.പ്രേമന്‍ എന്നിവര്‍ സംസാരിച്ചു.