കൃഷിയില്‍ വലുതാഴമായി ചെറുതാഴം–എല്ലാ വീട്ടിലും പച്ചക്കറി-

പിലാത്തറ: വാഴയ്ക്കും മഞ്ഞളിനും പുറമെ പച്ചക്കറി ഉല്‍പാദനത്തിലും സ്വയംപര്യാപ്തത കൈവരിക്കാനൊരുങ്ങുകയാണ് ചെറുതാഴം ഗ്രാമ പഞ്ചായത്ത്.

പഞ്ചായത്തിലെ എല്ലാ വീടുകളിലേക്കും ആവശ്യമായ പച്ചക്കറികള്‍ ഇവിടെ തന്നെ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്.

222 വനിതാ ഗ്രൂപ്പുകളിലായി 65 ഏക്കര്‍ സ്ഥലത്തും 11100 ഗ്രോബാഗിലും പച്ചക്കറി കൃഷി ചെയ്യുന്നു.

50 ഏക്കറില്‍ വ്യക്തിഗത കൃഷി വേറെയും. 12 ഏക്കര്‍ സ്ഥലത്ത് തരിശ് സ്ഥല പച്ചക്കറി കൃഷി, 250 ഏക്കറില്‍ ഭാരതീയ പ്രകൃതി രീതിയനുസരിച്ചും പച്ചക്കറി ഉല്‍പാദിപ്പിക്കുന്നുണ്ട്.

കൂടാതെ 40 ഗ്രൂപ്പുകള്‍ക്കായി 4000 വാഴകള്‍, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ പ്രകാരം 7500 വാഴകള്‍ എന്നിവയും പഞ്ചായത്തില്‍ കൃഷി ചെയ്യുന്നുണ്ട്.

കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ മിച്ചം വരുന്നവ വിപണനം ചെയ്യാനായി പഞ്ചായത്തോഫീസിന് സമീപത്ത് ഇക്കോ ഷോപ്പ് പ്രവര്‍ത്തിക്കുന്നുണ്ട്.

എല്ലാ സീസണിലും പച്ചക്കറി സുലഭമാണെന്ന് പഞ്ചായത്ത് പ്രസിഡണ്ട് എം ശ്രീധരന്‍ പറയുന്നു.

പരമ്പരാഗത ജൈവ കൃഷിയാണ് നടപ്പാക്കുന്നത്. ചീര, വെണ്ട, വഴുതന, വെള്ളരി, കയ്പ, പടവലം, കുമ്പളം, പച്ചമുളക്, കക്കിരി, പയര്‍, തക്കാളി തുടങ്ങി ഒട്ടുമിക്ക പച്ചക്കറികളും മികച്ച രീതിയില്‍ കൃഷി ചെയ്യുന്നുണ്ട്.

പച്ചക്കറി ക്ലസ്റ്ററുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. കൃഷി ഓഫീസര്‍ പി നാരായണന്‍, അസിസ്റ്റന്റ് എം കെ സുരേഷ് എന്നിവരാണ് കര്‍ഷകര്‍ക്കാവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്.

നേരത്തേ തന്നെ മഞ്ഞള്‍ ഗ്രാമമായി പ്രഖ്യാപിച്ച ചെറുതാഴത്ത് അഞ്ച് ഹെക്ടറില്‍ മഞ്ഞളുണ്ട്.

ചെറുതാഴം കര്‍ഷകശ്രീ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തില്‍ മഞ്ഞള്‍ പൊടി ഉത്പാദിപ്പിച്ചു വിതരണം ചെയ്യുന്നുമുണ്ട്.

കൂടാതെ കുരുളുമുളക് ഉല്‍പ്പാദനത്തിലും മുന്നിലാണ് ചെറുതാഴം.