ദേവഭൂമിയില്‍ നാടന്‍ പശുക്കള്‍ക്ക് മേഞ്ഞുനടക്കാന്‍ റോഡരികില്‍ തീറ്റപ്പുല്‍കൃഷിയും.

കരിമ്പം.കെ.പി.രാജീവന്‍

പരിയാരം: ദേവഭൂമിയിലെ പശുക്കള്‍ക്ക് മേഞ്ഞുനടക്കാന്‍ റോഡരികില്‍ തീറ്റപ്പുല്ല് കൃഷിയും.

ദേവഭൂമിയെന്നറിയപ്പെടുന്ന കൈതപ്രം ഗ്രാമത്തില്‍ കന്നുകാലികള്‍ക്കായി പൊതുസ്ഥലത്ത് നട്ടുവളര്‍ത്തിയ തീറ്റപ്പുല്ലുകള്‍ ഈ നമ്പൂതിരി ഗ്രാമത്തിന്റെ നന്‍മയുടെ ദര്‍ശനമായി മാറി.

നാലുകെട്ടുകളുടെഗ്രാമമെന്നറിയപ്പെടുന്ന കൈതപ്രം പ്രദേശത്ത് ഇന്ന് നിലനില്‍ക്കുന്ന നമ്പൂതിരി സമൂഹത്തിന്റെ മുന്‍തലമുറ പൊതുസമൂഹത്തിന് ചെയ്ത നിരവധി ധര്‍മ്മ പ്രവര്‍ത്തനങ്ങളുടെ

ചുവടുപിടിച്ചാണ് നാല്‍ക്കാലികള്‍ക്ക് വേണ്ടി കൈതപ്രം ഗ്രാമത്തിലേക്കുള്ള പ്രവേശന കവാടത്തില്‍ തന്നെ അരകിലോമീറ്ററോളം ദൂരത്തില്‍ തീറ്റപ്പുല്ല് കൃഷി ചെയ്തിരിക്കുന്നത്.

ഇവിടെ എല്ലാ വീടുകളിലും വര്‍ഷങ്ങളായി നാടന്‍പശുക്കളെ വളര്‍ത്തിവരുന്നുണ്ട്. ഇവയ്ക്ക് വേണ്ടിയാണ് പൊതുസ്ഥലത്ത് തന്നെ തീറ്റപ്പുല്ല് വെച്ചുപിടിപ്പിച്ചത്.

ഈ ഗ്രാമത്തിലെ 95 ശതമാനം വീടുകളിലും വളര്‍ത്തുന്നത് കാസര്‍ഗോഡ് കുള്ളന്‍ ഇനത്തില്‍ പെട്ട പശുക്കളാണ്.

ഇവയ്ക്ക് മേഞ്ഞുനടന്ന് തീറ്റപ്പുല്ല് തിന്നുന്നതിനാണ് റോഡരികിലെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് പ്രദേശവാസികള്‍ പുല്‍കൃഷി തന്നെ നടത്തിയിരിക്കുന്നത്.

രാവിലെയും വൈകുന്നേരവും ഇവിടെ തങ്ങളുടെ പശുക്കളെ ഇവര്‍ പുല്ല് തിന്നുന്നതിനായി കൊണ്ടുവരികയും ചെയ്യാറുണ്ട്.

ആവശ്യക്കാര്‍ക്ക് ഇത് അരിഞ്ഞെടുത് കൊണ്ടുപോകുകയും ചെയ്യാം. വേദവിദ്യകള്‍ക്കൊപ്പം കൈതപ്രത്തെ നമ്പൂതിരിമാര്‍ പശുവളര്‍ത്തലിലും കൃഷിയിലും ഒരുപോലെ ശോഭിക്കുന്നവരാണ്.

എല്ലാ വീടുകളിലും ഒന്നും രണ്ടും സര്‍ക്കാര്‍ ജീവനക്കാരുണ്ടെന്നതും കൈതപ്രം ഗ്രാമത്തിലെ മാത്രം പ്രത്യേകതയാണ്.

കാര്‍ഷികക്ഷീരവൃത്തികളില്‍ സ്വയംപര്യാപ്തത നിലനിര്‍ത്തിവരുന്ന ഈ പാരമ്പര്യഗ്രാമം അതുകൊണ്ടുതന്നെ മാതൃകാ നമ്പൂതിരി

ഗ്രാമമായി നിലനില്‍ക്കുകയും ചെയ്യുന്നു. 200 വര്‍ഷത്തിന് ശേഷം സോമയാഗത്തിന് കൂടി ഇവിടെ അരങ്ങൊരുങ്ങുകയാണ്.