കണികാണും നേരം കമലനേത്രന്റെ—–ഓമനക്കുട്ടന് അനശ്വരമാക്കിയ പൂന്താനത്തിന്റെ ഗാനം.


(കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് DESK)
കണികാണും നേരം കമലനേത്രന്റെ എന്ന് തുടങ്ങുന്ന വിഖ്യാതമായ ശ്രീകൃഷ്ണ ഭക്തിഗാനം രചിച്ച പൂന്താനം നമ്പൂതിരി കഥാവശേഷനായിട്ട് നാല് നൂറ്റാണ്ടാവാന്‍ ഇനി ഏതാനും വര്‍ഷങ്ങള്‍ മാത്രമേയുള്ളൂ.
ജ്ഞാനപ്പാന എന്ന മഹത്തായ രചന നിര്‍വ്വഹിച്ച പൂന്താനം തന്നെയാണ് കണികാണും നേരം കമലനേത്രന്റെ എന്ന് തുടങ്ങുന്ന ഗാനം എഴുതിയത്.
പക്ഷെ, ഈ ഗാനം 1964 ലെ ഓമനക്കുട്ടന് എന്ന സിനിമയില്‍ കൂടി കേട്ടപ്പോഴാണ് അതിന്റെ ജനപ്രിയത വര്‍ദ്ധിച്ചത്.
കഥയില്‍ ശ്രീകൃഷ്ണ ഭക്തിഗാനം വേണമെന്ന് സംവിധായകന് ആവശ്യപ്പെട്ടപ്പോള്‍ പൂന്താനത്തിന്റെ വരികള്‍ ചേര്‍ക്കാന്‍ വയലാര്‍ രാമവര്‍മ്മ തന്നെ നിര്‍ദ്ദേശിച്ചതാണെന്ന് കേട്ടിട്ടുണ്ട്.
ഇപ്പോള്‍ 58 വര്‍ഷം പിന്നിട്ടിട്ടും ഈ ഗാനം വിഷുക്കാലത്ത് മനസില്‍ നിറയുന്നു.
ജി.ദേവരാജന്‍ ഒരുക്കിയ സംഗീതമാണ് ഈ ഗാനത്തിന്റെ മാറ്റ് കൂട്ടിയത്.
തകഴി ശിവശങ്കരപിള്ളയുടെ കഥക്ക് തിരക്കഥയും സംഭാണവും രചിച്ചത് തോപ്പില്‍ ഭാസിയാണ്.
തിരുമേനി പിച്ചേഴ്സിന്റെ കെ.കെ.എസ്.കൈമള്‍ നിര്‍മ്മിച്ച സിനിമ സംവിധാനം ചെയ്തത് കെ.എസ്.സേതുമാധവന്.
സത്യന്, തിക്കുറിശി, ടി.കെ.ബാലചന്ദ്രന്, എസ്.പി.പിള്ള, അംബിക, അടൂര്‍ പങ്കജം, സുകുമാരി, ചാന്ദ്നി, പങ്കജവല്ലി, ബേബി വിനോദിനി എന്നിവര്‍ മുഖ്യവേഷത്തില്‍ അഭിനയിച്ചു.
കണികാണും നേരം–കൂടാതെ ഏഴ് പാട്ടുകളാണ് ഓമനക്കുട്ടനിലുള്ളത്. ഗാനരചന വയലാര്‍, എ.എം.രാജ, എ.പി.കോമള, കെ.പി.ഉദയഭാനു, പി.ലീല, പി.സുശീല, രേണുക എന്നിവരാണ് ഗായകര്‍.
കണികാണും നേരം കമലനേത്രന്റെ പാടിയത് പി.ലീലയും രേണുകയുമാണ്. പാട്ടിന്റെ ഹൈലൈറ്റ് അതിന്റെ ഓര്ക്കസ്ട്രേഷന് തന്നെയാണ്.
ഓമനക്കുട്ടന് സിനിമക്ക് വേണ്ടി പ്രവര്‍ത്തിച്ചവരില്‍ പി.സുശീല മാത്രമാണ് ഇന്ന് ജീവിച്ചിരിക്കുന്നത്.
മലയാളിയും വിഷുവും ഉള്ള കാലത്തോളം കണികാണുംനേരം കമലനേത്രന്റെ എന്ന് തുടങ്ങുന്ന ഗാനം നമ്മുടെ വിഷുസ്മരണകള്ക്ക്
മുകളില്‍ പെയ്തിറങ്ങിക്കൊണ്ടിരിക്കുമെന്ന കാര്യം തീര്‍ച്ചയാണ്. (ഗാനം കേള്‍ക്കാനുള്ള ലിങ്ക് ഇതോടൊപ്പം ചേര്‍ക്കുന്നു).
