സ്വകാര്യ പ്രാക്ടീസ് നിരോധിച്ചു-ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍-

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സ്വകാര്യപ്രാക്ടീസ് നിര്‍ത്തലാക്കി ഉത്തരവായി.

2011 ല്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണിത്.

ഇത് പ്രകാരം കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളേജിലേയും ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് നിയമവിരുദ്ധമാക്കിയിരുന്നു.

2019 ല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത മെഡിക്കല്‍ കോളേജിന്റെ പേര് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജെന്ന് പുനര്‍മാമകരണം ചെയ്യുകയും ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും സര്‍ക്കാര്‍ നേരിട്ട് ശമ്പളം നല്‍കി വരുന്നതുമാണ്.

എന്നാല്‍ മെഡിക്കല്‍ കോളേജിലെ ചില ഡോക്ടര്‍മാര്‍ സ്വകാര്യ ക്ലിനിക്കുകളിലും സ്വകാര്യ ആശുപത്രികളിലും വീടുകളിലും പേരുകള്‍ സഹിതം പ്രദര്‍ശിപ്പിച്ച് സ്വകാര്യ പ്രാക്ടീസ് നടത്തി സര്‍ക്കാര്‍ നയങ്ങളെ വെല്ലുവിളിക്കുകയാണെന്ന് ഇത് സംബന്ധിച്ച് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.

ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ഇവര്‍ക്ക് കര്‍ശനമായ താക്കീത് നല്‍കിയിരിക്കയാണ്.

ഈ കുറ്റകൃത്യം ആവര്‍ത്തിക്കുകയാണെങ്കില്‍ ഇനിയൊരറിയിപ്പ് കൂടാതെ തന്നെ നിലവിലുള്ള ചട്ടങ്ങള്‍ക്ക് വിധേയമായി നടപടികള്‍ സ്വീകരിക്കുമെന്നാണ് പ്രിന്‍സിപ്പാള്‍ ഡോ.കെ.അജയകുമാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത്.

മെഡിക്കല്‍ കോളേജിലെ എല്ലാ വകുപ്പ്‌മേധാവികള്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ ഡയരക്ടര്‍, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീണല്‍ ചീഫ് സെക്രട്ടറി എന്നിവര്‍ക്കും ഇതുസംബന്ധിച്ച ഉത്തരവിന്റെ കോപ്പി നല്‍കിയിട്ടുണ്ട്.

മെഡിക്കല്‍ കോളേജിലെ വിവിധ വിഭാഗങ്ങളിലുള്ള ഡോക്ടര്‍മാര്‍ സ്വകാര്യ ആശുപത്രികളില്‍ ഓപ്പറേഷന്‍ ഉള്‍പ്പെടെ ചെയ്തുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ വിജിലന്‍സ് വിഭാഗം സര്‍ക്കാറിന് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

നേരത്തെ മെഡിക്കല്‍ കോളേജിലെ ചില പ്രശ്‌നങ്ങളില്‍ പോലീസ് ഇന്റലിജന്‍സ് വിഭാഗവും അന്വേഷണം നടത്തിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമാണ് പുതുതായി ചുമതലയേറ്റ പ്രിന്‍സിപ്പാള്‍ ഡോ.കെ.അജയകുമാര്‍ ഏറെ ശ്രദ്ധേയമായ തീരുമാനമെടുത്ത് കര്‍ശനമായ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.