അഗ്നിവ്യൂഹം-ഭയപ്പാടിന്റെ 44 വര്‍ഷം-

 

ഭാര്‍ഗവീനിലയത്തിന്റെ പ്രൊഡക്ന്‍ എക്‌സിക്യൂട്ടീവായിരുന്ന ആര്‍.ശ്രീനിവാസപ്രഭു എന്ന ആര്‍.എസ്.പ്രഭു നിര്‍മ്മാണത്തോടൊപ്പം സംവിധാനവും ഏറ്റെടുത്തുകൊണ്ടാണ് മലയാള സിനിമരംഗത്ത് സജീവമായത്.

1954 മുതല്‍ ടി.കെ.പരീക്കുട്ടിയുടെ ചന്ദ്രതാര പ്രൊഡക്ന്‍സിന്റെ നിര്‍മ്മാണ കാര്യദര്‍ശിയായിരുന്നു അദ്ദേഹം.

രാജമല്ലി എന്ന ആദ്യ ചിത്രത്തിന് ശേഷം 1971 ല്‍ എ.വിന്‍സെന്റ് സംവിധാനം ചെയ്ത ആഭിജാത്യം എന്ന സിനിമ ശ്രീ രാജേഷ് പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ നിര്‍മ്മിച്ചു.

തുടര്‍ന്ന് 15 സിനിമകള്‍ നിര്‍മ്മിച്ചു.

സി.വി.ഹരിഹരനുമായി ചേര്‍ന്ന് സുഗുണാസ്‌ക്രീന്‍ എന്ന ബാനറില്‍ 4 സിനിമകളും നിര്‍മ്മിച്ചു.

സംഗീതസംവിധായകന്‍ എ.ടി.ഉമ്മറുമായി വളരെയടുത്ത ബന്ധം സൂക്ഷിച്ച ആര്‍.എസ്.പ്രഭു അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളുടെയും സംഗീസംവിധാനം ചെയ്യിച്ചത് ഉമ്മറിനെകൊണ്ടായിരുന്നു.

ആര്‍.എസ്.പ്രഭു നിര്‍മ്മിച്ച സിനിമകളില്‍ ഏറ്റവും കൂടുതല്‍ സിനിമകള്‍ സംവിധാനം ചെയ്തത് പി.ചന്ദ്രകുമാറാണ്. 1979 ജൂലായ് 6 ന് റിലീസായ സിനിമയാണ് ആര്‍.എസ്.പ്രഭു നിര്‍മ്മിച്ച് ചന്ദ്രകുമാര്‍ സംവിധാനം ചെയ്ത അഗ്നിവ്യൂഹം.

സുകുമാരന്‍, ജോസ്, ശുഭ, കെ.പി.ഉമ്മര്‍, ശങ്കരാടി, കുതിരവട്ടം പപ്പു, മാള അരവിന്ദന്‍, കുഞ്ചന്‍, കനകദുര്‍ഗ്ഗ, ശ്രീലത, ടി.പി.മാധവന്‍, ജെ.എ.ആര്‍.ആനന്ദ്, എം.എസ്.തൃപ്പൂണിത്തുറ, അരവിന്ദാക്ഷന്‍, കുമാരി തങ്കം എന്നിവരാണ് മുഖ്യവേഷത്തിലെത്തിയത്.

പീരുമേട്ടിലെ ഒരു എസ്റ്റേറ്റിന്റെ പശ്ചാത്തലത്തിലുള്ള ഹൊറര്‍ സിനിമയാണ് അഗ്നിവ്യൂഹം. ശുഭ ഡബില്‍റോളില്‍ അഭിനയിച്ച ചിത്രത്തിലെ മുഖ്യ വില്ലന്‍ ശങ്കരാടിയാണ്.

പശ്ചാത്തലസംഗീതവും ഫാസ്റ്റ് ഷോട്ടുകളുമായി അന്നത്തെ തലമുറയെ ഞെട്ടിച്ച ഒരു സിനിമയായിരുന്നു അഗ്നിവ്യൂഹം.

ഡോ.ബാലകൃഷ്ണനാണ് കഥ, തിരക്കഥ, സംഭാഷണവും രചിച്ചത്. ആനന്ദക്കുട്ടന്‍ ക്യാമറയും ജി.വെങ്കിട്ടരാമന്‍ എഡിറ്റിങ്ങും നിര്‍വ്വഹിച്ചു. സുഗുണാസ്‌ക്രീനാണ് വിതരണക്കാര്‍.

എസ്.എ.നായര്‍ അഗ്നിവ്യൂഹത്തിന് വേണ്ടി തയ്യാറാക്കിയ പോസ്റ്ററുകള്‍ സിനിമയുടെ വിജയത്തെ സ്വാധീനിച്ചിട്ടുണ്ട്.

ഗാനങ്ങള്‍-(രചന-സത്യന്‍ അന്തിക്കാട്-സംഗീതം: എ.ടി.ഉമ്മര്‍)

1-ഇന്നത്തെ പുലരി-ജോളി ഏബ്രഹാം.

2-മാനത്തുനിന്നും വഴിതെറ്റിവന്നൊരു-ജയചന്ദ്രന്‍

3-യാമീനീ-എന്റെ സ്വപ്‌നങ്ങള്‍-എസ്.ജാനകി.