അങ്ങാടിക്കപ്പുറത്ത്-38 വര്‍ഷം തികയുന്നു-

മലയാള സിനിമയുടെ നാഴികക്കല്ലുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന സിനിമകള്‍ നിര്‍മ്മിച്ച ബാനറാണ് ജെ.എം.ജെ.ആര്‍ട്‌സ്.

എം.ഡി.ജോര്‍ജ്, ഭാര്യ റോസമ്മ ജോര്‍ജ് എന്നിവരായിരുന്നു നിര്‍മ്മാതാക്കള്‍.

ഏയ്ഞ്ചല്‍ ഫിലിംസ് എന്ന പേരില്‍ വിതരണ കമ്പനി നടത്തിയിരുന്ന ഇവര്‍ 1981 ലാണ് എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഓപ്പോള്‍ എന്ന സിനിമ നിര്‍മ്മിച്ചത്.

ബാലന്‍.കെ.നായര്‍ക്ക് ഭരത് അവാര്‍ഡ് നേടിക്കൊടുത്ത ഈ സിനിമ സംവിധാനം ചെയ്തത് കെ.എസ്.സേതുമാധവനാണ്.

മേനകയുടെ അരങ്ങേറ്റചിത്രം കൂടിയായിരുന്നു ഓപ്പോള്‍.

സാമ്പത്തികമായും നല്ല വിജയം നേടിയ ഓപ്പോളിന് ശേഷം ഐ.വിശശിയുടെ സംവിധാനത്തില്‍ എം.ടി രചിച്ച തൃഷ്ണ, 1983 ല്‍ ഇതേ ടീം തന്നെ ഒരുക്കിയ ആരൂഡം, 1984 ല്‍ ഐ.വി.ശശി-എം.ടി ടീമിന്റെ തന്നെ അക്ഷരങ്ങള്‍, കെ.എസ്.സേതുമാധവന്‍ സംവിധാനം ചെയ്ത കോമഡി സിനിമ ആരോരുമറിയാതെ എന്നിവ നിര്‍മ്മിച്ചു. തൃഷ്ണയും ആരൂഡവും അക്ഷരങ്ങളും അവാര്‍ഡുകളും വാരിക്കൂട്ടി.

വിശാലമായ ക്യാന്‍വാസില്‍ നഗര പഞ്ചാത്തലത്തില്‍ ഒരു സിനിമ നിര്‍മ്മിക്കണമെന്ന ആലോചനയില്‍ നിന്നാണ് അങ്ങാടിക്കപ്പുറത്ത് എന്ന സിനിമയുടെ പിറവി. ടി.ദാമോദരനാണ് കഥയും തിരക്കഥയും സംഭാഷണവും എഴുതിയത്.

വന്‍ താരനിരയുടെ പിന്‍ബലത്തോടെ കോഴിക്കോട് ചിത്രീകരിച്ച അങ്ങാടിക്കപ്പുറത്തില്‍ നക്‌സലൈറ്റ് നേതാവായി മമ്മൂട്ടി, മോഹന്‍ലാല്‍, വിന്‍സെന്റ്, ശ്രീനിവാസന്‍, സ്വപ്‌ന, സബിത ആനന്ദ്, അടൂര്‍ഭാസി, റഹ്‌മാന്‍, കെ.പി.ഉമ്മര്‍, കുതിരവട്ടംപപ്പു,

മണിയന്‍പിള്ള രാജു, ടി.ജി.രവി, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, മണവാളന്‍ ജോസഫ്, കവിയൂര്‍പൊന്നമ്മ, വിലാസിനി, കൊച്ചിന്‍ഹനീഫ, കോഴിക്കോട് വിനോദ്, സന്തോഷ്.കെ.നായര്‍,

ബാലന്‍.കെ.നായര്‍, ജോണി, കൃഷ്ണക്കുറുപ്പ്, അച്ചന്‍കുഞ്ഞ്, ആര്‍.കെ.നായര്‍, നെല്ലിക്കോട് ഭാസ്‌ക്കരന്‍, എം.ഒ.ദേവസ്യ, സജിത്, ലിസി, മഹാലക്ഷ്മി, ബീന, പികെ.രാധാദേവി, തൊടുപുഴ വാസന്തി, റോഷ്്‌നി, കോഴിക്കോട് ശാരദ, തൃശൂര്‍ എല്‍സി, വൈ.വിജയ തുടങ്ങി നീണ്ട താരനിര തന്നെ സിനിമയിലുണ്ട്.

എന്‍.എ താരയാണ് ക്യാമറാമാന്‍, കെ.നാരായണന്‍ എഡിറ്റിംഗ് നിര്‍വ്വഹിച്ചു.

ഐ.വി.സതീഷ്ബാബുവാണ് കലാസംവിധായകന്‍.

ഈ സിനിമക്ക് വേണ്ടി കിത്തോ തയ്യാറാക്കിയ പോസ്റ്ററുകള്‍ ഏറെ ആകര്‍ഷകമായിരുന്നു.

1985 ജൂലായ് അഞ്ചിനാണ് സിനിമ റിലീസ് ചെയ്തത്. ചിത്രീകരണ ചെലവുകള്‍ വല്ലാതെ ഉയര്‍ന്നതിനാല്‍ എം.ഡി.ജോര്‍ജിന് സാമ്പത്തിക തകര്‍ച്ചയുണ്ടാവുകയും സിനിമ പരാജയപ്പെടുകയും ചെയ്തതോടെ അദ്ദേഹം പൂര്‍ണമായും സിനിമാരംഗംഉപേക്ഷിച്ചു.

അധികം വൈകാതെ മരണപ്പെടുകയും ചെയ്തു. ഭാര്യ റോസമ്മ ജോര്‍ജും നിര്യാതയായി.

ഗാനങ്ങള്‍-(രചന-ബിച്ചു തിരുമല, സംഗീതം-ശ്യാം).

1-അഴകിനൊരാരാധന-കൃഷ്ണചന്ദ്രന്‍

2-മൈലാഞ്ചി ചൊടികളില്‍-യേസുദാസ്, ചിത്ര.

പോകാതെ പോകാതെ പൊന്നളിയാ-ജയചന്ദ്രന്‍, ഉണ്ണിമേനോന്‍, കൃഷ്ണചന്ദ്രന്‍, ബിച്ചു തിരുമല.

4-തൂവെണ്‍തൂവല്‍ ചിറകില്‍-ഉണ്ണിമേനോന്‍, ചിത്ര.