മഞ്ഞളിപ്പ് താണ്ഡവം തുരുന്നു, കണ്ണീരും കയ്യുമായി കടന്നപ്പള്ളി-പാണപ്പൂഴ പഞ്ചായത്തിലെ അടക്കാ കര്‍ഷകര്‍.
പരിയാരം: മഞ്ഞളിപ്പ് താണ്ഡവം തുരുന്നു, കണ്ണീരും കയ്യുമായി കടന്നപ്പള്ളി-പാണപ്പൂഴ പഞ്ചായത്തിലെ അടക്കാ കര്‍ഷകര്‍.
മഞ്ഞളിപ്പ് രോഗം മൂലം കര്‍ഷകര്‍ കഷ്ടത്തിലായിട്ട് വര്‍ഷങ്ങളായിട്ടും കാര്‍ഷിക ശാസ്ത്രജ്ഞന്‍മാരുടെ ഏക പ്രതിവിധി മുറിച്ചുനീക്കല്‍ മാത്രം.
ചെറുവിച്ചേരിയിലെ പി.കെ.കൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ഒരേക്കര്‍ പതിനെട്ട് സെന്റ് സ്ഥലത്തെ മഞ്ഞളിപ്പ് രോഗം ബാധിച്ച ചെറുതും, വലുതുമായ ആയിരത്തിലേറെ കവുങ്ങുകളാണ് മുറിച്ച് കളയുന്നത്.
പഞ്ചായത്ത് പരിധിയില്‍ പത്ത് വര്‍ഷം മുന്‍പാണ് മഞ്ഞളിപ്പ് രോഗം കണ്ടുതുടങ്ങിയത്.
2019-20 കാലത്ത് രോഗം വ്യാപകമായി. ഈ രോഗത്തിനെതിരെ എന്ത് മരുന്ന് പ്രയോഗിച്ചിട്ടും കാര്യമില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.
കൃഷിഭവന്‍ ഉദ്യോഗസ്ഥരും കാര്‍ഷിക ഗവേഷണ കേന്ദ്രവും പലതരത്തിലുള്ള മരുന്നുകളും വളങ്ങളും നിര്‍ദ്ദേശിച്ചിട്ടും മഞ്ഞളിപ്പ് രോഗത്തിന് ഒരു പരിഹാരവും കാണാന്‍ കഴിഞ്ഞിട്ടില്ല.
മഞ്ഞളിപ്പ് വന്ന കവുങ്ങ് ഓലകള്‍ ക്രമേണ കരിഞ്ഞ് പിന്നീട് മണ്ട പൂര്‍ണമായും ഉണങ്ങി പോവുകയാണ് ചെയ്യുന്നത്.
നല്ല കായ്ഫലമുള്ള കമുകുകളാണ് രോഗം ബാധിച്ച് ഉണങ്ങുന്നത്. മഞ്ഞളിപ്പ് ലക്ഷണം ഉള്ള കമുകിന് അടയ്ക്ക പിടിത്തവും കുറഞ്ഞിട്ടുണ്ട്.
രോഗം ബാധിച്ചതിനെ തുടര്‍ന്ന് ഉല്‍പാദനം നാലിലൊന്നായി കുറഞ്ഞെന്നാണ് കര്‍ഷകര്‍ പറയുന്നത്.
കായ്ക്കാത്ത ചെറിയ കമുകുകള്‍ക്കും മഞ്ഞളിപ്പ് തുടങ്ങിയിട്ടുണ്ട്. മഹാളി രോഗംമൂലം അടയ്ക്ക പൂര്‍ണമായും നശിച്ചതും മഞ്ഞളിപ്പ് രോഗം പടര്‍ന്ന് പിടിക്കുന്നതും കര്‍ഷകര്‍ക്ക് കനത്ത പ്രഹരമാണ്.
ഈ മഞ്ഞളിപ്പ് രോഗത്തിന് പ്രതിവിധി കണ്ടെത്തിയില്ലെങ്കില്‍ കുറച്ച് വര്‍ഷത്തിനുള്ളില്‍ കവുങ്ങ് കൃഷി പൂര്‍ണ്ണമായും ഇല്ലാതെയാകും എന്നാണ് കര്‍ഷകര്‍ പറയുന്നത്.
കണ്ണൂര്‍ ജില്ലയിലെ അടക്കാവിപണനത്തിന്റെ പ്രധാനകേന്ദ്രമായ മാതമംഗലത്തിന്റെ അടക്കാപെരുമ നിലനിര്‍ത്തുന്നതില്‍ കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ കവുങ്ങ് കൃഷിക്ക് മുഖ്യമായ പങ്കാണുള്ളത്.
മാതമംഗലം നീലിയാര്‍ ക്ഷേത്രത്തിലെ അടക്കാതൂണുകള്‍ ഈ പ്രദേശത്തിന്റെ അടക്കാപെരുമയുടെ സ്മാരകമായി ഇന്നും നിലനില്‍ക്കുകയാണ്.
കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിന് പുറമെ സമീപ പ്രദേശങ്ങളായ പരിയാരം, എരമം-കുറ്റൂര്‍ ഗ്രാമപഞ്ചായത്തുകളിലും മഞ്ഞളിപ്പ് രോഗ ബാധയുണ്ട്.
രോഗം വന്ന് മുറിച്ചുമാറ്റുന്ന കവുങ്ങുകള്‍ക്ക് ഒരുതരത്തിലുള്ള സാമ്പത്തിക ആനുകൂല്യവും കര്‍ഷകര്‍ക്ക് ലഭിക്കാത്തതിനാല്‍ കവുങ്ങ് കൃഷിയില്‍ നിന്ന് വലിയ വിഭാഗം കര്‍ഷകര്‍ പിന്‍വാങ്ങുകയാണ്.