ഇതാണോ കരുതല്‍-ഇതാണോ കൈത്താങ്ങ്-പരിഹരിക്കപ്പെടാത്ത പരാതി പരിഹരിച്ചെന്ന്-മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

തളിപ്പറമ്പ്: പിണറായി മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി നടത്തിയ താലൂക്ക് തലത്തിലെ മന്ത്രിമാരുടെ അദാലത്ത് വെറും പ്രഹസനമാക്കിയതായി പരാതി.

പരിഹരിക്കപ്പെടാത്ത പരാതി പരിഹരിച്ചതായിട്ടാണ് കരുതലും കൈത്താങ്ങും എന്ന പേരില്‍ 14 ജില്ലകളിലും നടത്തിയ പരാതി പരിഹാര അദാലത്തില്‍ പറയുന്നത്.

പിണറായി വിജയന്‍ മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി താലൂക്ക് അടിസ്ഥാനത്തില്‍ നടന്ന മന്ത്രിതല അദാലത്തില്‍ തളിപ്പറമ്പില്‍ വെച്ച് മെയ്-6 ന് നടന്ന അദാലത്തിലേക്ക് സമര്‍പ്പിച്ച പരാതിയില്‍ മന്ത്രി പി.പ്രസാദ് നേരിട്ട് കേട്ട പരാതിയില്‍ പ്രശ്‌നം നിലനില്‍ക്കെയാണ് പരാതി പരിഹരിച്ചതായി ഇത് സംബന്ധിച്ച സൈറ്റില്‍ പറയുന്നത്.

അപകടാവസ്ഥയിലായ മതില്‍ പൊളിച്ചു പണിയാന്‍ പരാതി കൊടുത്തതിന്റെ പ്രതികാരമായി പഴയ മതിലിനേക്കാള്‍ ഉയരത്തില്‍ മതില്‍ നിര്‍മ്മിച്ച് കാറ്റും വെളിച്ചവും നിഷേധിച്ചതിനെതിരെ നല്‍കിയ പരാതിയിലാണ് ബ്ലോക്ക് പഞ്ചായത്തിന്റെ തീരുമാനം പുന: പരിശോധിക്കണമെന്ന് മന്ത്രി പി.പ്രസാദ് നിര്‍ദ്ദേശിച്ചത്.

എന്നാല്‍ മാസം അഞ്ച് കഴിഞ്ഞിട്ടും ഒരു പുന:പരിശോധനയും നടന്നില്ല. അതിനിടയിലാണ് കരുതലും കൈത്താങ്ങും സൈറ്റില്‍ പ്രശ്‌നം പരിഹരിച്ചതായി അറിയിപ്പ് കാണുന്നത്.

താലൂക്ക് വികസനസമിതിയിലെ ഔദ്യോഗിക ജനപ്രതിനിധിയായ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണന്‍ താലൂക്ക് വികസനസമിതി കൈക്കൊണ്ട തീരുമാനം നടപ്പാക്കില്ലെന്ന് പരസ്യമായി യോഗത്തില്‍ പ്രഖ്യാപിച്ചത് വിവാദമായിരുന്നു.

വീട്ടിലേക്ക് കാറ്റും വെളിച്ചവും നിഷേധിക്കുന്ന ജനപ്രതിനിധിയായ സി.എം.കൃഷ്ണനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കയാണ് ഈ കുടുംബം.