അശാസ്ത്രീയ മാലിന്യ സംസ്‌ക്കരണത്തിന് എളമ്പേരം പാറയില്‍ ക്വാര്‍ട്ടേഴ്‌സിന് 10000 രൂപ പിഴ ചുമത്തി

തളിപ്പറമ്പ്: ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ എളമ്പേരംപാറ കിന്‍ഫ്രയ്ക്ക് സമീപം ചോയ്‌സ് ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിച്ചു വരുന്ന ക്വാര്‍ട്ടേഴ്‌സിന് 10,000 രൂപ പിഴ ചുമത്തി.

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മുഴുവനായും ചോയ്‌സ് ബില്‍ഡിങ്ങിനു പുറകു വശത്തത്തെ മറ്റൊരാളുടെ സ്ഥലത്ത് വലിയ തോതില്‍ പലയിടങ്ങളിലായി വലിച്ചെറിയുന്നതായും കണ്ടെത്തി.

ക്വാര്‍ട്ടേഴ്‌സില്‍ നിന്നും മാലിന്യങ്ങള്‍ നാളിതുവരെ ഹരിതകര്‍മ്മ സേനക്ക് കൈമാറി വരുന്നില്ലെന്നും ജൈവ മാലിന്യങ്ങള്‍ സംസ്‌ക്കരിക്കാന്‍ ക്വാര്‍ട്ടേഴ്‌സില്‍ ശാസ്ത്രീയ സംവിധാനങ്ങള്‍ ഒന്നും തന്നെ ഒരുക്കിയിട്ടില്ലെന്നും പരിശോധനയില്‍ സ്‌ക്വാഡ് കണ്ടെത്തി.

മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞതിനും ഹരിത കര്‍മ്മ സേനയ്ക്ക് മാലിന്യങ്ങള്‍ കൈമാറാത്തതിനും കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരമാണ് പിഴ ചുമത്തിയത്.

തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ചപ്പാരപ്പടവ് പഞ്ചായത്തിന് നിര്‍ദേശം നല്‍കി.

പരിശോധനയില്‍ ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ലീഡര്‍ പി.പി.അഷ്റഫ്, സ്‌ക്വാഡ് അംഗം അലന്‍ ബേബി, സി.കെ.ദിബില്‍ എന്നിവര്‍ പങ്കെടുത്തു.