ഏഴുസുന്ദരരാത്രികള്‍ പിറന്നിട്ട് ഇന്നേക്ക് 57 വര്‍ഷം


          തോപ്പില്‍ ഭാസിയുടെ പ്രശസ്ത നാടകം അശ്വമേധം ചലച്ചിത്രമായി റിലീസ് ചെയ്തിട്ട് ഇന്നേക്ക് 57 വര്‍ഷം പിന്നീടുന്നു. എ.വിന്‍സന്റ് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ സത്യന്‍, പ്രേംനസീര്‍, മധു, ഷീല, ഇന്ദിരാ തമ്പി, സുകുമാരി, പി.ജെ.ആന്റണി, അടൂര്‍ ഭാസി, ബഹദൂര്‍, കാമ്പിശ്ശേരി കരുണാകരന്‍, ജി.കെ.പിള്ള, ടി.ആര്‍. ഓമന എന്നിവരാണ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്. ആലപ്പുഴ എക്‌സല്‍ പ്രൊഡക്ള്‍ഷന്‍സ് കേരളത്തില്‍ വിതരണം നടത്തിയ അശ്വമേധം 15-9-1967 നാണ് പ്രദര്‍ശനം ആരംഭിച്ചത്.

ജന്‍മനാടായ കായംകുളത്തിന് സമീപം നൂറനാട്ടുള്ള കേരളത്തില്‍ ഏക കുഷ്ഠരോഗ സാനിട്ടോറിയത്തില്‍ താന്‍ കണ്ട കാഴ്ച്ചകളുടെ പശ്ചാത്തലത്തിലാണ് തോപ്പില്‍ ഭാസി അശ്വമേധം എഴുതിയത്.

കഥാസാരം:

നെറ്റി നിറയെ ഭസ്മവും, കഴുത്തില്‍ രുദ്രാക്ഷവും, ചുണ്ടില്‍ ഭഗവാന്റെ നാമവും, അവിരാമമായ സന്താനോല്‍പ്പാദന പ്രവര്‍ത്തനവുമായി കഴിയുന്ന കേശവസ്വാമിയുടേയും ഭാര്യ ലക്ഷ്മിയുടേയും മൂത്ത മകളാണ് സരോജ. ലക്ഷ്മിയമ്മ ഒന്‍പതു പ്രസവിച്ചെങ്കിലും നിലവിലുള്ളത് നാലു പെണ്ണും രണ്ടാണും മാത്രമാണു്. പത്താമത്തേത് ഗര്‍ഭത്തിലിരിക്കുന്ന ചുറ്റുപാടിലാണ് മകള്‍ സരോജവും മോഹനനും പ്രേമബദ്ധരായത്.
നല്ല സ്വത്തും പ്രതാപവുമുള്ള ഒരു തറവാട്ടിലെ ഏക പുത്രനാണ് മോഹനന്‍. കേശവസ്വാമിക്ക് സ്വത്തില്ല. മൂത്തമകന്‍ സദാനന്ദന്‍ ബോംബെയിലെവിടെയോ ജോലിചെയ്തു അയയ്ക്കുന്ന കാശുകൊണ്ടാണ് ദരിദ്രമായ ആ കുടുംബം ജീവിച്ചു പോരുന്നത്. മോഹനന്റെ മാതാപിതാക്കള്‍ക്ക് കേശവസ്വാമിയുമായുള്ള ബന്ധം തീരെ ഇഷ്ടപ്പെട്ടില്ല. പക്ഷെ മോഹനന്‍ താനാശിക്കുന്ന പെണ്ണിനെത്തന്നെ കെട്ടുമെന്ന് ഉഗ്രശപഥം ചെയ്തു.അവളുടെ സ്വത്തോ, ശരീരസൗന്ദര്യം പോലുമോ അവനു പ്രശ്‌നമല്ല. അവന്റേത് ദിവ്യമായ പ്രേമമാണ്. തറവാട്ടുസ്വത്തില്‍നിന്നും കാല്‍ കാശിന്റെ വകപോലും അവനു കൊടുക്കുകയില്ലെന്ന് അച്ഛന്‍ താക്കീതുചെയ്തു. പക്ഷെ മോഹനന്‍ വഴിപ്പെടാന്‍ തയ്യാറായില്ല. എന്നുതന്നെയല്ല സരോജവുമായുള്ള വിവാഹം നിശ്ചയിച്ചു ക്ഷണക്കത്തുപോലും സ്വന്തം പേരുവെച്ചു അച്ചടിപ്പിച്ചു. അച്ഛനും അമ്മയും അനുകൂലിക്കുവാന്‍ നിര്‍ബ്ബന്ധിതരായി. രണ്ടു കുടുംബങ്ങളിലും ആഹ്ലാദം തിരതല്ലി.
വിവാഹദിവസത്തിനു് ഇനി ഏഴു ദിവസങ്ങളേ ബാക്കിയുള്ളൂ. അപ്പോഴാണ് ചായയും കാപ്പിയും കുടിക്കാത്ത, പാലു മാത്രമേ കുടിക്കൂ എന്നു നിര്‍ബ്ബന്ധമുള്ള പുകവലിക്കാത്ത ഒരു ഹെല്‍ത്ത് വിസിറ്റര്‍ സരോജത്തിന്റെ വീട്ടിലേക്കു കടന്നുചെന്നത്. അയാള്‍ ഒരു വാര്‍ത്ത പറഞ്ഞു. ‘സരോജത്തിനു കുഷ്ഠരോഗമുണ്ടു്. പ്രപഞ്ചമാകെ തന്റെ മുമ്പില്‍ പൂക്കുലപോലെ വിറയ്ക്കുന്നതായി സരോജത്തിനു തോന്നി. അവള്‍ അടിമുടി ഞെട്ടിപ്പോയി. മഞ്ഞുവെള്ളത്തില്‍ വിടര്‍ന്നുവരുന്ന റോസാപ്പൂവുപോലുള്ള ആ പെണ്‍കിടാവിന് കുഷ്ഠരോഗമുണ്ടെന്നുള്ളത് സത്യമായിരുന്നു. അവളുടെ വിവാഹം മുടങ്ങി. വീട്ടില്‍ സന്താപത്തിന്റെ കരിനിഴല്‍ വീശി. സ്വമനസ്സാലെ ചികിത്സാര്‍ത്ഥം നൂറനാട്ടെ ലെപ്രസി സാനിട്ടോറിയത്തിലേക്കു് പോകുവാന്‍ സരോജം തയ്യാറെടുത്തു.
മോഹനന്‍ വിഷാദ നിമഗ്‌നനായി. കല്യാണപ്പന്തലില്‍ ഉടുക്കുവാന്‍ പുടവയുമായി ബോംബെയില്‍നിന്നെത്തിയ സഹോദരന്‍ മിഴിച്ചുനിന്നു. കേശവസ്വാമി ക്രിയകളും മന്ത്രവാദങ്ങളും തുടങ്ങി. സഹായത്തിന്് നിത്യസന്ദര്‍ശകനായ മന്ത്രവാദിയും കൂടി.
തികച്ചും വ്യത്യസ്തമായ ഒരു ലോകത്തേക്കാണ് സരോജം കടന്നുചെന്നത്. കറുത്ത ചക്രവാളമതിലുകളാല്‍ ചുറ്റപ്പെട്ട കാരാഗൃഹമാണ് ഈ ഭൂമിയെന്നവള്‍ക്കു മനസ്സിലായി. പക്ഷെ ആ കാരാഗൃഹത്തിലും ഒരാശാകിരണം ഉദിച്ചു നിന്നിരുന്നു. സാനിട്ടോറിയത്തിലെ ഡോക്ടറായ തോമസ്. ശാസ്ത്രബോധമുള്ള ആ മനുഷ്യന്‍ കുഷ്ഠരോഗത്തിനെതിരായി വിട്ടുവീഴ്ചയില്ലാത്ത സമരം പ്രഖ്യാപിച്ചിട്ടുള്ള ആളാണ്. പക്ഷെ ഡോക്ടറുടെ ഭാര്യ ഗേളിക്കു രോഗികളെ പുച്ഛമാണ്. ഒരു സൊസൈറ്റിലേഡിയായ ഭാര്യ കാരണം നല്ലവനായ ഡോക്ടര്‍ക്ക് വീട്ടില്‍ സൈ്വര്യമില്ലാതായി.
കുഷ്ഠരോഗികളുടെ മനോഭാവവും ഡോക്ടര്‍ക്കെതിരായിരുന്നു.രോഗം ഭേദമാവുകയില്ലെന്നാണ് അവരുടെ വിശ്വാസം. തങ്ങളോടുള്ള സ്‌നേഹംകൊണ്ടല്ല മറ്റുള്ളവര്‍ക്കു രോഗം പകരാതിരിക്കുവാനാണ് സാനിട്ടോറിയത്തിന്റെ മതില്‍ക്കെട്ടുകള്‍ക്കുള്ളില്‍ ഇട്ടിരിക്കുന്നതെന്നാണ് അവരുടെ വിശ്വാസം. അവരുടെ നേതാവാണു് ഗോവിന്ദന്‍. രോഗികളുടെ വിശ്വാസം ഡോക്ടറെ കയ്യേറ്റം ചെയ്യുന്നതില്‍വരെ അവരെ എത്തിച്ചു. എങ്കില്‍ക്കൂടി ഗോവിന്ദന്റെ അറയ്ക്കുന്ന രൂപത്തിനുള്ളിലും മൃദുലമായ ഒരു ഹൃദയമുണ്ടായിരുന്നു. വിദഗ്ദ്ധനായ ഡോക്ടര്‍ക്ക് അതു മനസ്സിലാക്കുവാന്‍ കഴിഞ്ഞില്ല. പക്ഷെ സരോജം അതു കണ്ടുപിടിച്ചു.
മാസം ആറു കഴിഞ്ഞു. ലക്ഷ്മിയമ്മ പൂര്‍ണ്ണഗര്‍ഭിണിയായി.ദൈവം തരുന്നതു രണ്ടു കയ്യും നീട്ടി വാങ്ങിക്കുവാന്‍ നില്‍ക്കുകയാണ് കേശവസ്വാമി. സദാനന്ദന്‍ ഈ സമയത്താണു് ബോംബെയിലുള്ള തന്റെ ഒരു കൂട്ടുകാരനെക്കൊണ്ട് രണ്ടാമത്തെ അനുജത്തിയെ കല്യാണം കഴിപ്പിക്കുവാന്‍ നിശ്ചയിച്ചത് സ്വാഭാവികമായും കുഷ്ഠരോഗിയായ ഒരു സഹോദരി തനിക്കുണ്ടെന്നു പറയാതിരിക്കുവാന്‍ അയാള്‍ ശ്രദ്ധിച്ചു.
ഡോക്ടറുടെ വിദഗ്ദ്ധമായ ചികിത്സകൊണ്ട്് സരോജത്തിന്റെ രോഗം നിശ്ശേഷം ഭേദപ്പെട്ടു. അവള്‍ അത്യാഹ്ലാദം കൊണ്ടു ശ്വാസം മുട്ടി.അവളുടെ കാമുകന്‍ ഇന്നും അവളെ ഓര്‍ത്തു് നിരാശനായി കഴിയുകയാണ്. സരോജം വീട്ടിലേക്കു് ഓടിയെത്തി. ആ പാവപ്പെട്ട യുവതി തന്റെ രോഗം ഭേദമായി എന്ന് സന്തോഷപൂര്‍വ്വം വിളിച്ചുപറഞ്ഞു. അവിടെ അനുജത്തിയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്.. സഹോദരനായ സദാനന്ദന്‍ തിരിഞ്ഞുനിന്നു. കേശവസ്വാമി നെറ്റി ചുളിച്ചു. ആരും, സരോജം രോഗവിമുക്തയാണെന്നുള്ള സത്യം വിശ്വസിക്കുവാന്‍ തയ്യാറായില്ല. ഗര്‍ഭിണിയായ ലക്ഷ്മിയമ്മ മാത്രം വിമ്മിപ്പൊട്ടിക്കരഞ്ഞു. ആ കരച്ചില്‍ എന്നന്നേക്കുമായി അവസാനിക്കുകയും ചെയ്തു.
വീട്ടില്‍ നിന്നും അടിച്ചിറക്കപ്പെട്ട സരോജം പതറിപ്പോയി. തന്റെ ജീവിതസര്‍വ്വസ്വമായ കാമുകന്റെ അടുത്തേക്ക് അവള്‍ ഓടി. അവരുടെ പ്രേമം പരിശുദ്ധവും ദിവ്യവുമാണല്ലൊ. പക്ഷെ മോഹനനൊരു സംശയം. കുഷ്ഠം ഭേദപ്പെടുത്താവുന്ന രോഗമാണോ? ഡോക്ടര്‍ തീര്‍ത്തുപറഞ്ഞിട്ടും മോഹനന്‍ സരോജത്തിനെ സ്വീകരിക്കുവാന്‍ തയ്യാറായില്ല.
സംഭവഗതികള്‍ സരോജത്തെ ഒരു യോഗിനിയുടെ ശാലീനതയിലേക്കു തള്ളിവിട്ടു. വീട്ടില്‍നിന്നും പുറത്താക്കപ്പെട്ട, കാമുകനാല്‍ ത്യജിക്കപ്പെട്ട ആ പാവം യുവതി ഡോക്ടറുടെ അടുത്തെത്തി. സരോജം തന്റെ ഭാവിജീവിതം ആ സാനിട്ടോറിയത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ഉഴിഞ്ഞുവെയ്ക്കുവാനുള്ള തീരുമാനത്തില്‍ എത്തിച്ചേരുന്നതോടെ അശ്വമേധം അവസാനിക്കുന്നു.
സുപ്രിയ ഫിലിംസിന്റെ ബാനറില്‍ ഹരി പോത്തന്‍ നിര്‍മ്മിച്ച സിനിമക്ക് തിരക്കഥയും സംഭാഷണവും എഴുതിയത് കഥാകൃത്തായ തോപ്പില്‍ ഭാസി തന്നെ. ചിത്രസംയോജനം-ജി.വെങ്കിട്ടരാമന്‍, കലാസംവിധാനം-കെ.പി.ശങ്കരന്‍കുട്ടി, ക്യാമറ- പി.ഭാസ്‌കരറാവു, പരസ്യം-വി.എം.ബാലന്‍.

വയലാര്‍ എഴുതി ദേവരാജന്‍ സംഗീതം പകര്‍ന്ന 5 സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ഈ സിനിമയിലുണ്ട്.

1-പി.സുശീല പാടിയ ഏഴു സുന്ദര രാത്രികള്‍–
2-സുശീല തന്നെ ആലപിച്ച കറുത്ത ചക്രവാള മതിലുകള്‍–
3-യേശൂദാസ് പാടിയ പ്രശസ്ത ദാര്‍ശനിക ഗാനം-ഒരിടത്ത് ജനനം ഒരിടത്ത് മരണം–
4-ബി.വസന്ത പാടിയ തെക്കുംകൂറടിയാത്തി-
5-പി.സുശീല പാടിയ ഉദയഗിരി ചുവന്നു–