ബസിടിച്ചു മറിഞ്ഞ ഓട്ടോറിക്ഷക്ക് തീപിടിച്ച് രണ്ടു പേര്‍ വെന്തുമരിച്ചു
കൂത്തുപറമ്പ്: ബസ് തട്ടി മറിഞ്ഞ ഓട്ടോറിക്ഷക്ക് തീപിടിച്ച് രണ്ടു പേര്‍ വെന്തുമരിച്ചു.
ഇന്ന് രാത്രി ഒമ്പത് മണിയോടെ തലശ്ശേരി- കൂത്തുപറമ്പ് റോഡില്‍ ആറാംമൈല്‍ ആണിക്കാംപൊയില്‍ മൈതാനപ്പള്ളിക്ക് സമീപമാണ് അപകടം.
തലശ്ശേരിയില്‍ നിന്ന് കൂത്തുപറമ്പിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് എതിരെ വന്ന ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ വലതുഭാഗം ചെരിഞ്ഞ് റോഡിലേക്ക് മറിഞ്ഞ ഓട്ടോറിക്ഷക്ക് തീപ്പിടിച്ച് ഉടന്‍ ആളിക്കത്തുകയായിരുന്നു.
നാട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും ഓട്ടോയ്ക്ക് പൂര്‍ണമായും തീ പടര്‍ന്നിരുന്നു.
വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തി തീയണച്ചാണ് ഉള്ളില്‍ അകപ്പെട്ട രണ്ടുപേരെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്.
മരിച്ച ഓട്ടോഡ്രൈവര്‍ പാറാട് സ്വദേശി അഭിലാഷ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
യാത്രക്കാരനാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
സ്വകാര്യ ബസ് അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
സി.എന്‍.ജി ഇന്ധനം ഉപയോഗിക്കുന്ന ഓട്ടോറിക്ഷയാണ് കത്തിയത്.
തീയണക്കാനുള്ള സമയം കിട്ടുന്നതിനു മുന്നേ തന്നെ ഓട്ടോറിക്ഷ ആളിക്കത്തുകയായിരുന്നു.