സര്‍ക്കാര്‍ ആശുപത്രികളില്‍ നിരോധിച്ച മരുന്നുകള്‍ വിതരണം ചെയ്യുന്നതായി യൂത്ത് കോണ്‍ഗ്രസ്.
തളിപ്പറമ്പ്: സര്‍ക്കാര്‍ ആശുപത്രികളില്‍ നിരോധിക്കപ്പെട്ട മരുന്നുകള്‍
വിതരണം ചെയ്യുന്നതായി ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം പ്രസിഡന്റ് അമല്‍ കുറ്റിയാട്ടൂര്‍ ഡ്രഗ് ഇന്‍സ്പെക്ടര്‍ക്ക് പരാതി നല്‍കി.
ആഗസ്ത് 2-ാം തീയ്യതി കേന്ദ്ര ഗവണ്മെന്റ് നിരോധനം ഏര്‍പ്പെടുത്തിയ 156 മരുന്നുകളിലെ ചില മരുന്നുകള്‍ ഇപ്പോഴും വ്യാപകമായി സര്‍ക്കാര്‍ അംഗീകൃത ആശുപത്രികളിലെ ഫാര്‍മസികളില്‍ സുലഭമായി വിതരണം ചെയ്യുന്നുണ്ട്.
രണ്ടോ അതില്‍ അധികമോ മരുന്നുകള്‍ ചേര്‍ത്ത് നിര്‍മിക്കുന്ന മരുന്നുകളുടെ വിതരണം നിര്‍ത്തലാക്കണമെന്ന് മരുന്നുകളുമായി ബന്ധപ്പെട്ട ഉപദേശക സമിതി (ഡിടിഎബി) ഉത്തരവിറക്കിയിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച മരുന്നുകള്‍ വിതരണം ചെയ്യുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലിലാണ് ഇത്തരം തീരുമാനം എടുത്തത്.
കഫത്തിനും മറ്റും ഉപയോഗിക്കുന്ന സിറപ്പ് ആണ് വ്യാപകമായി ജില്ലയില്‍ സര്‍ക്കാര്‍ അംഗീകൃത ആശുപത്രിയില്‍ നിന്നും വിതരണം ചെയ്യുന്നത്.
നിരോധിച്ച മരുന്നുകളുടെ പട്ടികയില്‍ 19-ാം ലിസ്റ്റില്‍ കാണുന്ന മരുന്നിന് നിരോധനം ഏര്‍പ്പെടുത്തിയതാണ്. എന്നാല്‍ അത്തരത്തില്‍ യാതൊരു സര്‍ക്കുലറും ലഭിച്ചിട്ടില്ല എന്നാണ് ഫാര്‍മസികളില്‍ അറിയാന്‍ സാധിക്കുന്നത്.
ഡ്രഗ് ഇന്‍സ്‌പെക്ടര്‍ക് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് തന്നെ നടപടി സ്വീകരിക്കുമെന്ന് പരാതിയിന്മേല്‍ ഉറപ്പ് നല്‍കിയതായി അമല്‍ പ്രസ്താവനയില്‍ അറിയിച്ചു.