എ.കെ.ജി സെന്ററിന് ബോംബെറിഞ്ഞ യൂത്ത് കോണ്‍ഗ്രസുകാരന്‍ പിടിയില്‍.

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമിച്ച കേസില്‍ പ്രതി പിടിയില്‍.

തിരുവനന്തപുരം മണ്‍വിള സ്വദേശിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിനെയാണ്   ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്.

ആറ്റിപ്ര യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റാണ് പിടിയിലായ ജിതിന്‍. ഇയാളെ കവടിയാറില്‍ ക്രൈംബ്രാഞ്ച്
 ഓഫീസില്‍ ചോദ്യംചെയ്ത് വരുകയാണ്.

ഏറെ വിവാദമായ കേസില്‍ രണ്ട് മാസത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് കേസിലെ പ്രതിയെ പോലീസ് പിടികൂടിയത്.

ജിതിനാണ് എകെജെി സെന്ററിന് നേരേ സ്‌ഫോടക വസ്തു എറിഞ്ഞതെന്നാണ്  ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.

അതേസമയം, ഇയാളുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.
ജൂണ്‍ 30ന് രാത്രിയാണ് എകെജി സെന്ററിന് നേരെ ആക്രമണമുണ്ടായത്.

പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഒരുമാസത്തിലധികം അന്വേഷിച്ചിട്ടും കേസില്‍ യാതൊരു തുമ്പും കിട്ടിയിരുന്നില്ല.

ചുവന്ന ഡിയോ സ്‌കൂട്ടറിലാണ് അക്രമി എത്തിയതെന്ന വിവരം മാത്രമായിരുന്നു ആകെ കിട്ടിയത്.

തുടര്‍ന്നാണ് സര്‍ക്കാര്‍ അന്വേഷണം ക്രൈംബ്രാഞ്ചിനെ
ഏല്‍പ്പിച്ചത്.

സൈബര്‍ സെല്ലിന്റെ അടക്കം സഹായത്തോടെ വിവിധ ഘട്ടങ്ങളിലായി നടത്തിയ അന്വേഷണത്തിനൊടുവിലാണ്  ക്രൈംബ്രാഞ്ച് പ്രതിയെ കണ്ടെത്തിയത്.

അതേസമയം കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ അറസ്റ്റ് നാടകമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.

യൂത്ത് കോണ്‍ഗ്രസിനെ കരുവാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് വി.ടി. ബല്‍റാം ആരോപിച്ചു.