ചെറുതാഴം: ഭാരത് മാതാ കീ ജയ് വിളിക്കുമ്പോള്‍ ശബ്ദം പതറിപ്പോകരുതെന്നും ഉറച്ച ശബ്ദത്തോടെ വലതുകൈ ഉയര്‍ത്തിവേണം ഇത് ചെയ്യേണ്ടതെന്നും കേന്ദ്ര വിദേശകാര്യ-സാംസ്ക്കാരിക വകുപ്പ് സഹമന്ത്രി മീനാക്ഷിലേഖി.
ചെറുതാഴം ശ്രീരാഘവപുരം സഭായോഗത്തിന്റെ 1229-ാമത് വാര്‍ഷിക വേദഭജനത്തിന്റെ സമാപന സമ്മേളന വേദിയിലാണ് മന്ത്രി പ്രസംഗത്തിന്റെ അവസാനഭാഗത്ത് ഭാരത് മാതാ കീ ജയ് വിളിച്ചപ്പോള്‍ സദസ് ഏറ്റുചൊല്ലാത്തതില് കുണ്ഡിതപ്പെട്ടത്.
തുടര്‍ന്ന് എങ്ങനെയാണ് ഭാരത് മാതാ കീ ജയ് വിളിക്കേണ്ടതെന്ന് സോദാഹരണസഹിതം സദസിനെ പഠിപ്പിക്കുകയും മൂന്നുതവണ വിളിപ്പിക്കുകയും ചെയ്തശേഷമാണ് മന്ത്രി തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
പ്രസംഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആവോളം പുകഴ്ത്താനും മന്ത്രി മടികാണിച്ചില്ല.
ഭാരതത്തില്‍ ധര്‍മ്മം പുനസ്ഥാപിക്കുന്ന കര്‍മ്മങ്ങളാണ് പ്രധാനമന്ത്രി നടത്തിക്കൊണ്ടിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.
ചെറുതാഴത്തെ ഈ പരിപാടിയുടെ സമാപന സമ്മേളനത്തിന് മാത്രമായിട്ടാണ് മന്ത്രി ഇന്ന് രാവിലെ ഡെല്‍ഹിയില്‍ നിന്നും കണ്ണൂരിലെത്തിയത്.
ചെറുതാഴത്തേക്കുള്ള വഴിമധ്യേ തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രത്തിലും ദര്‍ശനം നടത്തി.
ബദരിനാഥ് ക്ഷേത്രത്തിലെ പൂജാരിമാരായ റാവല്ജിമാര് തലമുറകളായി ചെറുതാഴം ശ്രീരാഘവപുരം സഭായോഗത്തില്‍ നിന്നുള്ളവരായതിനാലാണ് ഈ മഹനീയമായ പരിപാടിയില്‍ സംബന്ധിക്കാനായി എത്തിയതെന്നും മന്ത്രി പറഞ്ഞു.
ഉദ്ഘാടനപരിപാടികള്‍ക്ക് ശേഷം സഭായോഗം നടന്ന കണ്ണിശ്ശേരിക്കാവില്‍ തന്നെ ചെലവഴിച്ച മന്ത്രി കേന്ദ്രമന്ത്രിയുടെ ജാഡകളെല്ലാം മാറ്റിവെച്ച് ക്ഷേത്രത്തില്‍ നിന്നും മറ്റുള്ളവരോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്തശേഷമാണ് സഭായോഗം വേദി വിട്ടത്.