കണ്ണൂര്‍കോട്ടയിലെ തുരുമ്പിച്ച കസേരകളും വിളക്കുകാലുകളും നീക്കണം-സ്വാഭാവിക സൗന്ദര്യം നശിപ്പിക്കരുത്-കേന്ദ്രമന്ത്രി മീനാക്ഷിലേഖി.

റിപ്പോര്‍ട്ട്: മണിമേഖല വെങ്കിടേഷ്.

കണ്ണൂര്‍: തുരുമ്പിച്ച കസേരകളും വിളക്കുകാലുകളും കണ്ട് അസന്തുഷ്ടി പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി മീനാക്ഷിലേഖി.

കണ്ണൂര്‍ സന്ദര്‍ശനത്തിനെത്തിയ മന്ത്രി ഇന്ന് വൈകുന്നേരം കണ്ണൂര്‍ കോട്ട കാണാനെത്തിയപ്പോഴാണ് കോട്ടയില്‍ തുരുമ്പിച്ച വിളക്കുകാലുകളും കസേരകളും കണ്ടത്.

ഇത് സംരക്ഷിതസ്മാരകമായ കോട്ടയുടെ സ്വാഭാവിക സൗന്ദര്യം നശിപ്പിക്കുന്നതാണെന്ന് വിമര്‍ശിച്ച മന്ത്രി ഇത് ഉടനെ നീക്കം ചെയ്ത് തനിക്ക് ഫോട്ടോ സഹിതം റിപ്പോര്‍ട്ട് ചെയ്യണമെന്നും ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

കേന്ദ്ര സാംസ്‌ക്കാരിക വകുപ്പിന്റെ മന്ത്രി എന്ന നിലയില്‍ പുരാവസ്തുക്കളുടെ ചുമതലയുള്ളതിനാലാണ് മന്ത്രി കോട്ട കാണാന്‍ താല്‍പര്യം പ്രകടിപ്പിച്ചത്.

ചെറുതാഴം ശ്രീരാഘവപുരം സഭായോഗം സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ കേന്ദ്രമന്ത്രി തിരിച്ചുപോകുന്നതിനിടയില്‍ നാല് മണിയോടെയാണ് കണ്ണൂര്‍കോട്ടയിലെത്തിയത്.

ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ബിജു ഏളക്കുഴി, കണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് അഡ്വ.അര്‍ച്ചന വണ്ടിച്ചാല്‍, ജനറല്‍ സെക്രട്ടറി ബിനില്‍ കണ്ണൂര്‍, ട്രഷറര്‍ അജയകുമാര്‍ എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

രാവിലെ തൃച്ചംബരം ക്ഷേത്രത്തിലെത്തിയ കേന്ദ്രമന്ത്രി വൈകുന്നേരം തിരിച്ചുപോകുന്ന വഴിയില്‍ തൃച്ചംബരത്ത് രാഘവപുരം സഭായോഗത്തിന്റെ പുനര്‍നിര്‍മ്മാണം നടന്നുവരുന്ന മഠവും സന്ദര്‍ശിച്ചു.