ബ്രൗണ്‍ഷുഗറുമായി 2 പേരെ വളപട്ടണം പോലീസ് പിടികൂടി
വളപട്ടണം: മാരക മയക്കുമരുന്നായ ബ്രൗണ്‍ഷുഗറുമായി രണ്ടുപേര്‍ വളപട്ടണത്ത് പോലീസ് പിടിയില്‍.
20.71 ഗ്രാം ബ്രൗണ്‍ഷുഗറുമായി മുണ്ടയാട് ശ്രീനിലയത്തിലെ കെ ശ്രീജിത്ത്, എടക്കാട് ബൈത്തുല്‍ നിസാറിലെ ടി.കെ.മുഹമ്മദ് റഫീഖ് എന്നിവരാണ് പിടിയിലായത്.
വളപട്ടണം പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.പി.സുമേഷിന്റെ നിര്‍ദ്ദേശപ്രകാരം എസ്.ഐ പി.ഉണ്ണികൃഷ്ണന്‍, ഗ്രേഡ് എസ്.ഐ മധു പണ്ടാകന്‍, സി.പി.ഒ കിരണ്‍, ഡ്രവര്‍ സുഭാഷ് എന്നിവരും കണ്ണൂര്‍സിറ്റി ഡാന്‍സാഫ് ടീമും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്.
പുതിയതെരു ഹൈവേ ജംഗ്ഷനില്‍ വെച്ച് ഇന്നലെ വൈകുന്നേരം 6.30 നാണ് കാസര്‍ഗോഡ് ബസില്‍ വന്നിറങ്ങിയ കെ.ശ്രീജിത്തിനെ(35) ആദ്യം പിടികൂടിയത്.
ഇയാളെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റഫീഖിനെ പിന്നീട് പിടികൂടിയത്.
ഇരുവരും മുംബൈയില്‍ പോയി ബ്രൗണ്‍ ഷുഗര്‍ വാങ്ങി കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങി ബസ് മാര്‍ഗം കണ്ണൂരിലേക്ക് വരികയായിരുന്നു.