സിനിമാ തിയേറ്റര്‍ പദ്ധതി ഉപേക്ഷിച്ചു, ബസ്റ്റാന്റ് നിര്‍മ്മിക്കണമെന്ന് നാട്ടുകാര്‍-
കരിമ്പം.കെ.പി.രാജീവന്‍
പരിയാരം: സിനിമാ തിയേറ്റര്‍ ഉപേക്ഷിച്ചു, ബസ്റ്റാന്റ് വേണമെന്ന ആവശ്യം ശക്തമായി.
അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന പരിയാരം പ്രദേശത്ത് ബസ്റ്റാന്റ് വേണമെന്ന ആവശ്യത്തിന് കാല്‍ നൂറ്റാണ്ടിലേറെ പഴക്കമുണ്ട്.
രണ്ട് മെഡിക്കല്‍ കോളേജ്, ഔഷധി മേഖലാകേന്ദ്രം എന്നിവ പ്രവര്‍ത്തിക്കുന്ന ഇവിടെ പ്രതിദിനം ആറായിരത്തിലേറെ ആളുകള്‍ എത്തിച്ചേരുന്നതായിട്ടാണ് ഏകദേശ കണക്ക്.
പക്ഷെ, ആവശ്യത്തിന് സ്ഥലമില്ലെന്നതാണ് ബസ്റ്റാന്റ് നിര്‍മ്മാണത്തിന് തടസമായി ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടിയിരുന്നത്.
എന്നാലിപ്പോള്‍ കെ.എസ്.എഫ്.ഡി.സി സിനിമാ തിയേറ്ററിനായി ഏറ്റെടുക്കാന്‍ ഉദ്ദേശിച്ച ഒരേക്കറോളം വരുന്ന സ്ഥലത്ത് ബസ്റ്റാന്റ് നിര്‍മ്മിക്കണമെന്നാണ് നാട്ടുകാര്‍ അവശ്യപ്പെടുന്നത്.
നാല് വര്‍ഷം മുമ്പാണ് കെ.എസ്.എഫ്.ഡി.സി ഇവിടെ ഇരട്ട തിയേറ്റര്‍ പണിയാനായി സ്ഥലം നോക്കിയത്.
തുടക്കത്തില്‍ വേഗത്തില്‍ കാര്യങ്ങള്‍ നീങ്ങിയെങ്കിലും പിന്നീട് സാങ്കേതിക കാരണങ്ങളാല്‍ ഉപേക്ഷിക്കപ്പെടുകയായിരുന്നു.
ദേശീയപാതയോട് ചേര്‍ന്ന് രണ്ടുഭാഗത്തും റോഡുകളുള്ള ഈ സ്ഥലത്ത് ബസ്റ്റാന്റ് നിര്‍മ്മിക്കുന്നത് പരിയാരം പ്രദേശത്തിന്റെ വികസനത്തിന് ഏറെ ഗുണം ചെയ്യും.
റവന്യൂമിച്ചഭൂമിയായി കിടക്കുന്ന ഈ സ്ഥലം ചെറുതാഴം പഞ്ചായത്തിന് വിട്ടുനല്‍കുകയാണെങ്കില്‍ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ബസ്റ്റാന്റ്-കം ഷോപ്പിംഗ് കോംപ്ലക്‌സ് പണിയാന്‍ കഴിയും.
ദേശീയപാതക്ക് പുറമെ ശ്രീസ്ഥവഴി കീച്ചേരി വരെ പോകുന്ന ജില്ലാ പഞ്ചായത്ത് റോഡും ഈ സ്ഥലത്തിന് അഭിമുഖമായി കിടക്കുന്നുണ്ട്.
സിനിമാ തിയേറ്റര്‍ പദ്ധതി ഉപേക്ഷിക്കപ്പെട്ടതോടെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലം ഇപ്പോള്‍ കാടുമൂടി മാലിന്യനിക്ഷേപകേന്ദ്രമായും സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിങ്ങിനുമായി ഉപയോഗിക്കുകയാണ്.
ചെറുതാഴം പഞ്ചായത്ത് ഇക്കാര്യത്തില്‍ മുന്നിട്ടിറങ്ങണെമന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.