ശവമാകാന്‍ ഒരു പവനായിയെ കിട്ടുമോ–വെയിറ്റിങ്ങ് ഷെല്‍ട്ടറും കച്ചോടക്കാര്‍ക്ക്.

തളിപ്പറമ്പ്: എന്തൊക്കെയായിരുന്നു ജഗപൊഗ, മാധ്യമപ്രവര്‍ത്തകര്‍ തലങ്ങും വിലങ്ങും നിന്ന് ഫോട്ടോയൊടുക്കുന്നു, പോലീസ്-റവന്യൂ-പൊതുമരാമത്ത്-നഗരസഭ——–പ്രമുഖന്‍മാരൊക്കെ ലഫ്റ്റ് റൈറ്റ് ലെഫ്റ്റ്.

നഗരം ഇതാ ക്ലീനായിയെന്ന് വാര്‍ത്തയും. പക്ഷെ, തളിപ്പറമ്പ് മെയിന്‍ റോഡിലെ തെരുവുകച്ചവടക്കാര്‍ ഇതൊക്കെ എത്രകണ്ടിരിക്കുന്നു.

തളിപ്പറമ്പ് അര്‍.ഡി.ഒ ഇ.പി.മേഴ്‌സിയുടെ നേതൃത്വത്തില്‍ മെയിന്‍ റോഡ് ശുചീകരിക്കാന്‍ ഇറങ്ങിയപ്പോള്‍ തളിപ്പറമ്പുകാര്‍ എന്തെങ്കിലുമൊക്കെ പ്രതീക്ഷിച്ചിരുന്നു.

പക്ഷെ, ഇപ്പോള്‍ മെയിന്‍ റോഡിലെ പഴയ ബസ് വെയിറ്റിങ്ങ് ഷെല്‍ട്ടര്‍ വരെ തെരുവു കച്ചവടക്കാര്‍ കയ്യേറിയിരിക്കുന്നു.

പിന്നോട്ട് നീങ്ങിയ പെട്ടിക്കച്ചവടക്കാരെല്ലാം മുന്നോട്ട് മുന്നോട്ടായി. താലൂക്ക് വികസന സമിതിയില്‍ വരുന്ന പരാതികള്‍ക്ക് കയ്യും കണക്കുമില്ലെങ്കിലും അനധികൃത കച്ചവടക്കാരെ തൊടാന്‍ ഒരാള്‍ക്കും ധൈര്യമില്ല.

മെയിന്‍ റോഡുവഴി ബസ് ഗതാഗതം നിലച്ചിട്ട് വര്‍ഷം എട്ടുകഴിഞ്ഞു. മുമ്പ് ബസ്റ്റാന്റ് ഇല്ലാതിരുന്ന കാലത്ത് പണിത ഈ വെയിറ്റിങ്ങ് ഷെല്‍ട്ടര്‍ ഇപ്പോള്‍ മദ്യപരും സമൂഹവിരുദ്ധരും പിന്നെ, അനധികൃത കച്ചവടക്കാരുമാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്.

ഒന്നുകില്‍ ഇത് ഷട്ടറിട്ട് നഗരസഭ ഏതെങ്കിലും 2 ഭിന്നശേഷിക്കാരനോ വിധവകള്‍ക്കോ പെട്ടിക്കട നടത്താന്‍ വാടകയ്ക്ക് നല്‍കുക,

അതല്ലെങ്കില്‍ പൊളിച്ചുനീക്കി അനധികൃത കച്ചവടക്കാര്‍ക്ക് കൂടുതല്‍ സൗകര്യം അനുവദിക്കുക. ഇതിലേതെങ്കിലുമൊന്ന് ചെയ്താല്‍ നല്ലത്.