കരീബിയന്‍സ് ടൂര്‍ണമെന്റില്‍ വിവാദങ്ങളുടെ ഗോളാരവം
തളിപ്പറമ്പ്: കരീബിയന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ വിവാദം കത്തുന്നു. സംഘാടകര്‍ സംസ്ഥാന ഫുട്ബോള്‍ അസോസിയേഷന്റെ നിയമാവലികള്‍ക്ക് വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നാരോപിച്ച് ഒരുവിഭാഗം ഫുട്‌ബോള്‍ പ്രേമികള്‍ രംഗത്തുവന്നിട്ടുണ്ട്.
ജനുവരി 3 ന് ഉണ്ടപ്പറമ്പ് മൈതാനിയില്‍ ആരംഭിച്ച ഫുട്‌ബോള്‍ മല്‍സരത്തില്‍ എസ്.എഫ്.എ നിര്‍ദ്ദേശിച്ചതില്‍ കൂടുതല്‍ തുക ടിക്കറ്റ് ചാര്‍ജായി ഈടാക്കുന്നുവെന്നും, അതുതന്നെ സമ്മാനക്കൂപ്പണ്‍ രീതിയിലാണ് വില്‍പ്പന നടത്തുന്നതെന്നുമാണ് ആരോപണം.
24 ടീമുകള്‍ മല്‍സരിക്കുന്ന ടൂര്‍ണമെന്റില്‍ സീസണ്‍ ടിക്കറ്റ് പരമാവധി 1000 രൂപ മാത്രമേ ഈടാക്കാന്‍ പാടുള്ളൂവെന്ന് വ്യവസ്ഥയുള്ളപ്പോഴാണ് ഇവിടെ 1300 രൂപവരെ ഈടാക്കുന്നതെന്നാണ് വിമര്‍ശനം.
ഗ്യാലറിക്ക് ഫസറ്റ് റൗണ്ടില്‍ 50, സെക്കന്റ് റൗണ്ടില്‍ 60, സെമി ഫൈനസലില്‍ 80, ഫൈനലില്‍ 100 എന്നീ നിരക്കുകളാണ് എസ്.എഫ്.എ അഗീകരിച്ചതെങ്കില്‍ ഇവിടെ 100 മുതല്‍ 150 വരെ ഈടാക്കുന്നതായിട്ടാണ് പരാതി.
വിനോദനികുതി ഇനത്തില്‍ തളിപ്പറമ്പ് നഗരസഭക്ക് ലഭിക്കേണ്ട വലിയ തുക സമ്മാനക്കൂപ്പണ്‍ ടിക്കറ്റായതിനാല്‍ ഈടാക്കാന്‍ പറ്റാതെപോയി.
ഈ ഇനത്തില്‍ വലിയ തുക നഗരസഭക്ക് നഷ്ടമായതിനെതിരെ മുന്‍സിപ്പല്‍ വിജിലന്‍സിന് പരാതി നല്‍കണമെന്ന് നഗരസഭാ അധികൃതരില്‍ നിന്ന് തന്നെ നിര്‍ദ്ദേശം ഉയര്‍ന്നതായാണ് വിവരം.
എന്നാല്‍ നിയമവിരുദ്ധമായി അമിത ചാര്‍ജ് ഈടാക്കുന്നതിനെ ന്യായീകരിക്കാന്‍ തങ്ങള്‍ മികച്ച സൗകര്യം നല്‍കുന്നുണ്ടെന്നും അതിന് കൂടുതല്‍ ചെലവ് വന്നിട്ടുണ്ടെന്നുമാണ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘാടകരുടെ നിലപാട്.
വിവാദം സമൂഹമാധ്യമങ്ങളില്‍ പടര്‍ന്നുകത്തിക്കൊണ്ടിരിക്കെ ജനുവരി 26 നാണ് ഫൈനല്‍ മല്‍സരം നടക്കുന്നത്.