ഐ.ടി ബിസിനസില്‍ 25 ലക്ഷം രൂപ നിക്ഷേപിച്ചയാളുടെ പണം തട്ടിയതിന് രാജേഷ് നമ്പ്യാര്‍ക്കെതിരെ കേസ്.
തളിപ്പറമ്പ്: ഐ.ടി ബിസിനസില്‍ പണം നിക്ഷേപിച്ചാല്‍ ഡിവിഡന്റ് ഉള്‍പ്പെടെ നല്‍കാമെന്ന് വിശ്വസിപ്പിച്ച് 25 ലക്ഷം രൂപ തട്ടിയെടുത്തതായ പരാതിയില്‍ ഐ.ടി വ്യവസായി രാജേഷ് നമ്പ്യാര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.
തളിപ്പറമ്പ് കാക്കാഞ്ചാല്‍ ശാന്തിനഗറിലെ കല്യാണി നിവാസില്‍ എ.പി.ശിവദാസന്റെ പരാതിയിലാണ് കേസ്.
രാജേഷ് നമ്പ്യാര്‍ക്ക് പുറമെ വിഘ്‌നേഷ് നമ്പ്യാര്‍, ജിതിന്‍ പ്രകാശ് എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ഇവര്‍ തുടങ്ങാന്‍ പോകുന്ന അംഷി ടെക്‌നോളജി എന്ന ഐ.ടി സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചാല്‍ ഡിവിഡന്റോടെ പണം തിരിക നല്‍കാമെന്നായിരുന്നു വാഗ്ദാനം.
ഇതിനായി 2021 നവംബര്‍ 11 നും 2022 മാര്‍ച്ച് 21 നുമായി 25 ലക്ഷം രൂപ പ്രതികളുടെ അക്കൗണ്ടിലേക്ക് ശിവദാസന്‍ ട്രാന്‍സ്ഫര്‍ ചെയ്തു നല്‍കി.
പണം കൈപ്പറ്റിയെങ്കിലും നാളിതുവരെ സ്ഥാപനം തുടങ്ങുകയോ പണം തിരികെ നല്‍കുകയോ ചെയ്തില്ലെന്നാണ് പരാതി.
കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലെ നിരവധി പേരില്‍ നിന്ന് നിക്ഷേപം സ്വീകരിച്ചതായാണ് വിവരം.
കൊച്ചി കലൂരില്‍ രജിസ്‌ട്രേഡ് ഓഫീസ് ആരംഭിച്ച സ്ഥാപനത്തിന് ധര്‍മ്മശാലയിലും തുടക്കത്തില്‍ ഓഫീസുണ്ടായിരുന്നു.
പണം വാങ്ങിയെങ്കിലും സ്ഥാപനം ആരംഭിക്കാത്തതിനെ തുടര്‍ന്ന് നിക്ഷേപകര്‍ ഓഫീസിലെത്തി അന്വേഷണം തുടങ്ങിയതോടെ അത് അടച്ചുപൂട്ടുകയായിരുന്നു.
ഇപ്പോള്‍ കൊച്ചിയിലെ ഓഫീസും പൂട്ടിയതായാണ് വിവരം.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ രാജേഷ് നമ്പ്യാര്‍ തളിപ്പറമ്പില്‍ നിന്നും കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചിരുന്നു.