തളിപ്പറമ്പിലെ പ്രമുഖ സഹകരണ ധനകാര്യ സ്ഥാപനത്തില്‍ ജീവനക്കാരന്‍ വന്‍തുക വെട്ടിച്ചു.

തളിപ്പറമ്പ്: തളിപ്പറമ്പിലെ പ്രമുഖമായ ഒരു സഹകരണ ധനകാര്യ സ്ഥാപനത്തില്‍ ജീവനക്കാരന്‍ ലക്ഷങ്ങളുടെ തിരിമറി നടത്തിയത് പുറത്തായി.

ലോണെടുത്ത ഒരാള്‍ വായ്പത്തുക മുഴവനും അടച്ച് ക്ലോസ്‌ചെയ്യുന്നതിനായി ജീവനക്കാരനെ ഏല്‍പ്പിച്ച തുകയാണ് മുക്കിയത്.

സ്ഥാപനത്തിലേക്ക് വരാന്‍ സാധിക്കാതെ വന്നതിനാല്‍ വലിയ തുക സ്ഥാപനത്തിലെ ഒരു ജീവനക്കാരനെ ഏല്‍പ്പിക്കുകയായിരുന്നു.

ജീവനക്കാരന്‍ പണമടച്ച രസീത് വായ്പക്കാരന് നല്‍കുകയും ചെയ്തു.

എന്നാല്‍ പിന്നീട് ലോണ്‍ കുടിശ്ശിക വന്നതോടെ ജീവനക്കാര്‍ വായ്പക്കാരന്റെ വീട്ടിലെത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്.

വായ്പക്കാരന്‍ രസീത് കാണിച്ചതോടെ സ്ഥാപന മേലധികാരികള്‍ നടത്തിയ അന്വേഷണത്തിലാണ് രസീത് കൃത്രിമമാണെന്ന് ബോധ്യമായത്.

ഇതോടെ ഭരണസമിതി അംഗങ്ങളെ വിവരം ധരിപ്പിക്കുകയായിരുന്നു.

ഇന്നലെ രാത്രി ഏറെ നേരം ചര്‍ച്ച നടത്തിയ ശേഷം പ്രശ്‌നം കേസാവാതെ പരിഹരിച്ചതായാണ് വിവരം.

സ്ഥാപനത്തില്‍ ഇത്തരം തട്ടിപ്പുകള്‍ വേറെയും നടന്നിട്ടുണ്ടെന്നാണ് പരിശോധനയില്‍ വ്യക്തമായതെന്നാണ് വിവരം.

നേരത്തെയും ഇവിടെ ജീവനക്കാര്‍ ലക്ഷങ്ങളുടെ തിരിമറി നടത്തിയിട്ടുണ്ടെങ്കിലും സ്ഥാപനത്തിന് നഷ്ടമായ പണം ഇതേവരെ തിരിച്ചെടുക്കാന്‍ സാധിച്ചിട്ടില്ല.