വിളിച്ചിട്ടും കൂടെ പോവാത്ത ഭാര്യക്ക് ചെലവ് നല്‍കേണ്ടെന്ന് കോടതി ഉത്തരവ്

തളിപ്പറമ്പ് : ഭര്‍ത്താവ് രോഗിയായതിനാലും ദാരിദ്രാവസ്ഥ കാരണവും ഭര്‍ത്താവിന്റെ തറവാട് വീട്ടില്‍ താമസിക്കാന്‍ മടിച്ച് ഭര്‍ത്താവിനെ ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് പോവുകയും,

പോകുന്ന സമയത്ത് തിരിച്ച് വരുമെന്ന് ഉറപ്പ് നല്‍കിയിട്ടും വരാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവും സുഹൃത്തും വിളിച്ചിട്ടും ഭര്‍ത്താവിന്റെ കൂടെ ഒരുമിച്ച് തമസിക്കാന്‍ തയ്യാറാകാതിരുന്ന ഭാര്യയ്ക്ക് ചെലവ് നല്‍കേണ്ടതില്ലെന്ന് തളിപ്പറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് സാജിദ് അണ്ടത്തോട് തെച്ചന്‍ വിധിച്ചു.

ഭര്‍ത്താവ് ഉപേക്ഷിച്ചതിനാല്‍ തനിക്കും മക്കള്‍ക്കും കൂടി 30,000/ രൂപ പ്രതിമാസം ചെലവിനു വേണമെന്നും, മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് ഗാര്‍ഹിക പീഢന നിരോധന നിയമപ്രകാരം തളിപ്പറമ്പ് പുളിമ്പറമ്പ് പാറക്കല്‍ വീട്ടില്‍ ഷബീന(28) ആണ് പരാതി നല്‍കിയത്.

ഭര്‍ത്താവ് വയനാട് ആച്ചൂരണയിലെ നമ്പിയോടന്‍ വീട്ടില്‍ മുഹമ്മദലിയുടെയും സഹോദരന്‍ സിദ്ദിക്ക് എന്നിവര്‍ക്കെതിരെ നല്‍കിയ കേസിലാണ് കോടതി വിധിയുണ്ടായത്.

പരാതിക്കാരി സ്വന്തം ഇഷ്ടപ്രകാരം പോയതിനാലും, ഗാര്‍ഹിക പീഢനം തെളിയിക്കാനാകാത്തതിനാലും നഷ്ടപരിഹാരമായി യാതൊന്നും നല്‍കേണ്ടതില്ലെന്നും കോടതി വിധിച്ചു. എതൃകക്ഷിക്ക് വേണ്ടി അഡ്വ.കെ.പി മുജിബ്‌റഹ്മാന്‍ ഹാജരായി.