കുടുംബസംഗമത്തിന്റെ പേരിലും സി.പി.എം-സി.പി.ഐ പോര്-ബദല്‍ സംഗമം നടത്തുമെന്ന് സി.പി.ഐ.

തളിപ്പറമ്പ്: എല്‍.ഡി.എഫ് കുടുംബസംഗമം കീഴാറ്റൂരില്‍ സി.പി.എം കുടുംബസംഗമമായെന്ന് സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗം കോമത്ത് മുരളീധരന്‍.

18 ന് മാന്തംകുണ്ടില്‍ സി.പി.ഐ ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ബദല്‍ കുടുംബസംഗമം നടത്തുമെന്നും മുരളീധരന്‍.

സംസ്ഥാനവ്യാപകമായി എല്‍.ഡി.എഫ് കുടുംബസംഗമങ്ങള്‍ നടത്താന്‍ തീരുമാനിച്ചതിന് വിരുദ്ധമായി തളിപ്പറമ്പ് നോര്‍ത്ത് ലോക്കല്‍ കമ്മറ്റിയില്‍ സി.പി.എം തനിച്ച് കുടുംബസംഗമം നടത്തുന്നതിനാലാണ് സി.പി.ഐ പ്രത്യേകമായി കുടുംബസംഗമം നടത്താന്‍ തീരുമാനിച്ചത്.

നാളെ വൈകുന്നേരം നാലിന് കീഴാറ്റൂരില്‍ സി.പി.എം.സംസ്ഥാന സെക്രട്ടെറി എം.വി.ഗോവിന്ദനാണ് കുടുംബസംഗമം ഉദ്ഘാടനം ചെയ്യുന്നത്.

എം.എല്‍.എയുടെ മണ്ഡലം പരിപാടി സംബന്ധിച്ച അറിയിപ്പിലും സി.പി.എം നോര്‍ത്ത് ലോക്കല്‍ കുടുംബസംഗമം എന്നാണ് കാണിച്ചിരിക്കുന്നത്.

എന്നാല്‍ ആദ്യഘട്ടത്തില്‍ സി.പി.എം കുടുംബസംഗമമാണ് ഉദ്ദേശിച്ചിരുന്നെതങ്കിലും പിന്നീടത് എല്‍.ഡി.എഫ് നേതൃത്വത്തില്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നും നോര്‍ത്ത് ലോക്കല്‍ സെക്രട്ടെറി പുല്ലായിക്കൊടി ചന്ദ്രന്‍ പറഞ്ഞു.

പരിപാടിയില്‍ സി.പി.ഐ തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി പി.കെ.മുജീബ്‌റഹ്‌മാനെ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ സി.പി.എം നേതൃത്വത്തിലാണെന്ന് ചില സ്ഥലങ്ങളില്‍ ബോര്‍ഡ് വെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കണമോ എന്ന് ഇന്ന് ചേരുന്ന പാര്‍ട്ടി യോഗത്തില്‍ മാത്രമേ തീരുമാനിക്കൂ എന്നാണ് മുജീബ്‌റഹ്‌മാന്റെ പ്രതികരണം.

കുടുംബസംഗമത്തിന്റെ ബോര്‍ഡുകളും പോസ്റ്ററുകളുമൊക്കെ പതിച്ചുകഴിഞ്ഞ സാഹചര്യത്തിലാണ് സി.പി.ഐ സ്വന്തം നിലയില്‍ കുടുംബസംഗമം നടത്താന്‍ തീരുമാനിച്ചതെന്നാണ് കോമത്ത് മുരളീധരന്‍ പറയുന്നത്.

ഒക്ടോബര്‍ 18 ന് മാന്തംകുണ്ടിലാണ് സി.പി.ഐ തളിപ്പറമ്പ് ലോക്കല്‍ കമ്മറ്റി കുടുംബസംഗമം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

സി.പി.ഐ നടത്തിയ കാല്‍നടപ്രചാരമ ജാഥക്ക് നേരെ സി.പി.എം അക്രമം നടത്തിയത് അടുത്തകാലത്താണ്.

ഇരുവവിഭാഗവും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കിയിരിക്കയാണ് കുടുംബസംഗമങ്ങള്‍.