ചൊറുക്കള-നെടുമുണ്ട റോഡ് നവീകരണപ്രവൃത്തി ആരംഭിച്ചു.

തളിപ്പറമ്പ്: തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയിലെ (എസ് എച്ച്-36)ചൊറുക്കള-നെടുമുണ്ട പിഡബ്ല്യുഡി റോഡ് ബിസി ഓവര്‍ലേ ചെയ്തു നവീകരിക്കുന്നതിന്റെ പ്രവൃത്തി ഉദ്ഘാടനം എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എംഎല്‍എ നിര്‍വഹിച്ചു.

 പിഡബ്ല്യുഡി പ്ലാന്‍ ഫണ്ടില്‍ നിന്നും രണ്ട് കോടി രൂപയാണ് ഇതിനായി അനുവദിച്ചത്.

ആകെ 46 കി മീ നീളമുള്ള ഈ റോഡ് തളിപ്പറമ്പ് ദേശീയപാതയിലെ ചിറവക്കില്‍ നിന്നും ആരംഭിച്ച് ഇരിട്ടി പാലത്തിനു സമീപം അവസാനിക്കുന്നതാണ്.

തളിപ്പറമ്പ്, ഇരിക്കൂര്‍, പേരാവൂര്‍, മട്ടന്നൂര്‍ നിയോജക മണ്ഡലങ്ങളിലൂടെ കടന്നു പോകുന്ന റോഡാണിത്.

ഇതില്‍ 7.200 കി.മീ. മുതല്‍ 10 കി. മീ. വരെയുള്ള റോഡാണ് ഇപ്പോള്‍ നവീകരിക്കുന്നത്.

നാല് സെ.മീ.കനത്തില്‍ നിലവിലുള്ള റോഡ് ബിറ്റുമിനസ് കോണ്‍ക്രീറ്റും (ബി സി) കുറുമാത്തൂര്‍ സ്‌കൂളിന് ഇരുവശത്തുമുള്ള താഴ്ന്ന ഭാഗങ്ങള്‍ 38 സെ മീ ഉയര്‍ത്തി ബിറ്റുമിനസ് മെക്കാഡവും (ബി എം) ബിറ്റുമിനസ് കോണ്‍ക്രീറ്റും ( ബി സി) ചെയ്യും. കൂടാതെ ഈ ഭാഗത്ത് ആവശ്യമായ നീളത്തില്‍ ഡ്രെയിനേജുകള്‍ നിര്‍മിച്ച് റോഡ് മാര്‍ക്കിങ്ങുകളും സ്റ്റഡുകളും സൈന്‍ ബോര്‍ഡുകളും സ്ഥാപിക്കും.

9 മാസം കൊണ്ട് ഇവ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. നിര്‍മ്മാണം പൂര്‍ത്തിയാവുന്നതോടെ ഈ ഭാഗത്തെ വെള്ളക്കെട്ടിന് പരിഹാരമാകുമെന്ന് എംഎല്‍എ പറഞ്ഞു.

പൊക്കുണ്ട് ടൗണില്‍ നടന്ന പരിപാടിയില്‍ പിഡബ്ല്യുഡി റോഡ്‌സ് സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.പ്രവീണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.എം.സീന, വൈസ് പ്രസിഡന്റ് പാച്ചേനി രാജീവന്‍, സ്ഥിരം സമിതി അധ്യക്ഷരായ ടി.പി.പ്രസന്ന ടീച്ചര്‍, പി. ലക്ഷ്മണന്‍, സി.അനിത, പഞ്ചായത്തംഗം കെ.വി.നാരായണന്‍ കുട്ടി,

ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എം.സവിത, സംഘാടക സമിതി കണ്‍വീനര്‍ പി.കെ.കുഞ്ഞിരാമന്‍, ജോ. കണ്‍വീനര്‍ ടി.ടി.സുനില്‍കുമാര്‍, കെ.വി.ബാലകൃഷ്ണന്‍, പി.എ.ഇസ്മായില്‍, അഡ്വ പി കെ മുജീബ്‌റഹ്‌മാന്‍ എന്നിവര്‍ പങ്കെടുത്തു.