തെയ്യാട്ടത്തിന് തുടക്കമായി-ഇഴഞ്ഞുനീങ്ങി അനുഗ്രഹം ചൊരിഞ്ഞ് മുതലത്തെയ്യം.

കരിമ്പം.കെ.പി.രാജീവന്‍

തളിപ്പറമ്പ്: വടക്കേമലബാറില്‍ ഇന്നലെ തുലാപ്പത്ത്.

തെയ്യക്കാലത്തിനു തുടക്കം കുറിച്ച് നടുവില്‍ പോത്തുക്കുണ്ട് ശ്രീ വീരഭദ്രസ്വാമി ക്ഷേത്രത്തില്‍ തൃപ്പണ്ടാരത്തമ്മ എന്ന മുതലത്തെയ്യം കെട്ടിയാടി.

നടുവില്‍ പോത്തുക്കുണ്ട് ആദിവാസി കോളനിയിലെ മാവില സമുദായക്കാരുടെ പാരമ്പര്യ ക്ഷേത്രമായ വീരഭദ്രസാമി ക്ഷേത്രത്തിലാണ് തൃപ്പണ്ടാറത്തമ്മ എന്ന മുതലത്തെയ്യം കെട്ടിയാടുന്നത്.

ഇന്ന് രാവിലെ 11 മണിയോടെ കെട്ടി ഇഴഞ്ഞാടിയ തെയ്യത്തെ ദര്‍ശിക്കാന്‍ ദൂരെനാടുകളില്‍ നിന്നു പോലും നിരവധി ഭക്തര്‍ എത്തിയിരുന്നു.

തൃപ്പാണ്ടറത്തെ ക്ഷേത്രത്തില്‍ നിത്യപൂജ ചെയ്തിരുന്ന പൂജാരി എത്താതിരുന്നപ്പോള്‍ പുഴയില്‍ ചൂണ്ടയിടുകയായിരുന്ന ആദി തോയാടനെ മുതല ക്ഷേത്രത്തില്‍ എത്തിച്ചു എന്നും പൂജ മുടങ്ങാതെ കാത്തു എന്നുമാണ് ഐതിഹ്യം.

മുതലയായി എത്തിയത് തൃപ്പാണ്ടറത്തമ്മയാണെന്നാണ് വിശ്വാസം.

പൂജക്ക് വൈകിയെത്തിയ ബ്രാഹ്മണനെ പുറത്തിരുത്തി ക്ഷേത്രത്തിലേക്ക് പുഴ കടത്തിക്കൊണ്ടുവന്ന മുതലയുമായി ബന്ധപ്പെട്ടുകൊണ്ടാണ് മുതലത്തെയ്യത്തിന്റെ ഐതിഹ്യം.

മാവിലന്‍ സമുദായക്കാരാണ് ഈ തെയ്യം കെട്ടുന്നത്.തുലാമാസത്തിലെ പത്താമുദയത്തിനു ശേഷമാണ് മുതലത്തെയ്യം കെട്ടിയാടുന്നത്.

കെട്ടിയാടുന്ന സമയത്ത് ഇലത്താളത്തിന്റെ അകമ്പടിയോടെ തോറ്റം ചെല്ലുന്ന പതിവ് ഈ തെയ്യത്തിനു മാത്രമായുള്ള പ്രത്യേകതയാണ്.

മുതലയെപ്പൊലെ ഇഴഞ്ഞ് ക്ഷേത്രം വലംവയ്ക്കുന്ന തെയ്യം കെട്ടിയാടുന്ന സമയമത്രയും ഇഴഞ്ഞു തന്നെയാണ് ഭക്തര്‍ക്ക് അനുഗ്രഹം നല്‍കുന്നു എന്നതും ഒരു പ്രത്യേകതയാണ്.

മുഖത്തെഴുത്തിന് വട്ടക്കണ്ണും തലപ്പാട്ടി ചെന്നിമലര്‍ മുടിയും കാണിമുണ്ട് ചുവപ്പുമാണ്. കുരുത്തോലയ്ക്ക് പകരം കവുങ്ങിന്‍ ഓലയാണ് ഉടയാട.

തലയിലെ പാള എഴുത്തിന് തേള്‍, പല്ലി, പാമ്പ്, പഴുതാര, ആമ തുടങ്ങിയ ഇഴജീവികളെ വരച്ചതാണ്. ഇഴജീവിശല്യത്തില്‍ നിന്ന് രക്ഷനേടാന്‍ മുതലദൈവത്തെ വിളിച്ചാല്‍ മതിയെന്നാണ് വിശ്വാസം.