തലമാത്രമല്ല, നാട്ടുകാരുടെ ജീവനും പോകും-എവിടെ നമ്മുടെ ദുരിതാശ്വാസ സാറന്‍മാര്‍ ?

തളിപ്പറമ്പ്: ബൈക്ക് ഓടിച്ചുപോകവെ റോഡരികില്‍ സ്ഥാപിച്ച സോളാര്‍ പാനല്‍ തലയിേലക്ക് വീണ് ഒരു വിദ്യാര്‍ത്ഥി മരണപ്പെട്ടിട്ട് അധിക ദിവസമായിട്ടില്ല,

നമ്മുടെ തളിപ്പറമ്പ് ദേശീയപാതയില്‍ അതിലും വലിയ ഒരു ആപത്ത് വാ പിളര്‍ന്ന് നില്‍ക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായിട്ടും ഉത്തരവാദപ്പെട്ട അധികൃതര്‍ക്ക് കുലുക്കമേയില്ല.

ഒരു അപകടം നടന്നിട്ട് ദുരിതാശ്വാസം നടത്താനുള്ള പതിവ് തയ്യാറെടുപ്പിലാണ് അവരെന്ന് തോന്നുന്നു.

തളിപ്പറമ്പ് കെ.എസ്.ഇ.ബി ഓഫീസിന് സമീപത്തെ മൂന്നുനില അനധികൃത കെട്ടിടത്തെക്കുറിച്ചാണ് പറയുന്നത്.

അനധികൃത നിര്‍മ്മാണമാണെന്ന കാരണത്താല്‍ ദീര്‍ഘകാലം അടച്ചിട്ട കെട്ടിടം പിന്നീട് സ്വാധിനമുപയോഗിച്ചാണ് അംഗീകാരം വാങ്ങി വാടകക്ക് നല്‍കിയത്.

എന്നാല്‍ കെട്ടിടം കാറ്റില്‍ കുലുങ്ങാന്‍ തുടങ്ങിയതോടെ ഭയന്ന വാടകക്കാര്‍ ഇവിടെ നിന്നും ഒഴിഞ്ഞുപോയിട്ട് വര്‍ഷങ്ങളായി.

ഇപ്പോള്‍ ഒന്നാംനിലയില്‍ മാത്രമാണ് ഒരാള്‍ മുറി വാടകനല്‍കി ഉപയോഗിക്കുന്നത്.

രണ്ടും മൂന്നും നിലകള്‍ ഏത് സമയത്തും നിലംപതിക്കാം. ഈ കെട്ടിടത്തിന്റെ വശങ്ങളിലെ കോണ്‍ക്രീറ്റ് ഭിത്തി പൂര്‍ണമായും അടര്‍ന്നുനില്‍ക്കുകയാണ്.

ഇത് അടര്‍ന്നുവീണാല്‍ താഴെ റോഡിലൂടെ പോകുന്നവരുടെ തലയിലേക്കായിരിക്കും.

എന്തായാലും ഈ മഴക്കാലത്തെ അതിജീവിക്കുമോ ഇതെന്ന് സംശയകരമാണ്.

മുഖ്യമന്ത്രിയുടെ നവകേരള സദസില്‍ ഉള്‍പ്പെടെ ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടും ഒന്നും തന്നെ നടന്നില്ല.

അപകടാവസ്ഥയിലായ രണ്ടുനില പൂര്‍ണമായും പൊളിച്ചുമാറ്റിയാല്‍ മാത്രമേ ജനങ്ങളുടെ ജീവന് നേരെയുള്ള ഭീഷണി ഒഴിവാകുന്നുള്ളൂ.

ഏറ്റവും ചുരുങ്ങിയപക്ഷം അടര്‍ന്നുനില്‍ക്കുന്ന സിമന്റ് ഭിത്തിയെങ്കിലും നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.