കാല്‍നടക്കാര്‍ ജാഗ്രതൈ ! ഏത് സമയത്തും ചുമര് നടപ്പാതയിലേക്ക് വീഴാം.

തളിപ്പറമ്പ്: കാല്‍നടക്കാര്‍ ജാഗ്രതൈ ! ഏത് സമയത്തും ചുമര് നടപ്പാതയിലേക്ക് വീഴാം, തളിപ്പറമ്പ് താലൂക്ക് ഓഫീസ് ജംഗ്ഷനിലെ നടപ്പാതയിലാണ് അപകടം പതിയിരിക്കുന്നത്.

താലൂക്ക് ഓഫീസ് വളപ്പില്‍ റവന്യൂടവറിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചിരിക്കയാണ്.

പഴയ വില്ലേജ് ഓഫീസിനോട് ചേര്‍ന്ന മതിലിന് നൂറുവര്‍ഷത്തിലേറെ പഴക്കമുണ്ട്.

ഈ ഭാഗത്തേക്കാണ് പുതിയ കെട്ടിടത്തിന് വേണ്ടി എടുത്തുമാറ്റുന്ന കല്ലും മണ്ണും എടുത്തു മാറ്റിക്കൊണ്ടിരിക്കുന്നത്.

പഴയമതില്‍ ഉയര്‍ത്തിയാണ് ഇവിടെ ലീസിന് നല്‍കിയ സ്ഥലത്ത് ഒരു നെയ്ത്ത് സൊസൈറ്റിക്ക് വേണ്ടി കടമുറി നിര്‍മ്മിച്ചത്.

മതിലിനോട് ചേര്‍ന്ന് കെട്ടി ഉയര്‍ത്തിയ കടമുറിയുടെ ചുമരാണ് അപകടവസ്ഥയിലുള്ളത്.

മണ്ണുമാന്തി ഉപയോഗിച്ചാണ് ഈ മതിലിനോട് ചേര്‍ന്ന് കല്ലും മണ്ണും കൊണ്ടിടുന്നത്.

സമ്മര്‍ദ്ദം കാരണം ഈ ഭാഗത്തെ ചുമരില്‍ വിള്ളലുകള്‍ വീണിട്ടുണ്ട്.

ഈ ഭാഗം തുണി ഉപയോഗിച്ച് മറച്ചുവെച്ചിരിക്കുന്നതിനാല്‍ ഇതിന്റെ അപകടാവസ്ഥ പുറത്തുള്ളവര്‍ക്ക് പെട്ടെന്ന് കാണാനാവില്ല.

ഇടതടവില്ലാതെ ആളുകള്‍ നടന്നുപോകുന്ന നടപ്പാതയായതിനാല്‍ ചുമരിടിഞ്ഞുവീണാല്‍ വലിയ ദുരന്തമാവും സംഭവിക്കുക.

ഒന്നുകില്‍ അപകടാവസ്ഥയിലുള്ള ചുമര്‍ പൊളിച്ചുമാറ്റുകയോ അതല്ലെങ്കില്‍ ഈ ഭാഗത്ത് മണ്ണ് കൂട്ടിയിടുന്നത് അടിയന്തിരമായി നിര്‍ത്തിവെക്കുകയോ ചെയ്യണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.