മെഡിക്കല്‍ കോളേജ് കാമ്പസിലെ കയ്യേറ്റം-സമരപരിപാടികള്‍ ഡി.സി.സി ഏറ്റെടുത്തു.

കണ്ണൂര്‍: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസിനകത്തെ കെട്ടിടങ്ങള്‍ കയ്യേറി കൈക്കലാക്കാനുള്ള ശ്രമത്തിനെതിരെയുള്ള സമരം ഏറ്റെടുക്കാന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ ഇന്നലെ ചേര്‍ന്ന യോഗം തീരുമാനിച്ചു.

എ.ഐ.സി.സി തീരുമാനങ്ങള്‍റിപ്പോര്‍ട്ട് ചെയ്യാന്‍ ചേര്‍ന്ന യോഗം കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പിയാണ് ഉദ്ഘാടനം ചെയ്തത്.

ഡി.സി.സി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു.

കാമ്പസിനകത്തെ എല്ലാവിധ കയ്യേറ്റങ്ങളും ഒഴിവാക്കാനുള്ള സമരങ്ങള്‍ക്ക് പയ്യന്നൂര്‍, കല്യാശേരി, തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മറ്റികള്‍ നേതൃത്വം നല്‍കും.

മൂന്ന് നിയോജകമണ്ഡലങ്ങളിലായി ആറ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റികളാണ് സമരപരിപാടികള്‍ നടത്തുക.

ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി നിയമപരമായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കും.

ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി ഭാരവാഹികള്‍, അംഗങ്ങള്‍, ബ്ലോക്ക്, മണ്ഡലം ഭാരവാഹികള്‍, പോകസംഘടനാ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്ത വിപുലമായ യോഗത്തിലാണ് തീരുമാനം.

പ്രശ്‌നം വെറും ചാച്ചാജി വാര്‍ഡില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും എല്ലാവിധ അനധികൃത കയ്യേറ്റങ്ങളും ഒഴിപ്പിക്കണമെന്നതാണ് ഉദ്ദേശമെന്നും ഇത് സംബന്ധിച്ച സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കിയ ഡി.സി.സി ജന.സെക്രട്ടെറി അഡ്വ.രാജീവന്‍ കപ്പച്ചേരി പറഞ്ഞു.