ഓപ്പറേഷന്‍ സിന്ദൂര്‍ ബാനര്‍ സ്ഥാപിച്ചുള്ള പണപ്പിരിവിനെ ഇനിയും എതിര്‍ക്കും

പിലാത്തറ: ഡിഫന്‍സ് ഫണ്ടിലേക്ക് ബസ് യാത്രക്കാരില്‍ നിന്നും സംഭാവന പിരിച്ചതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് പ്രസിദ്ധീകരിച്ച വാര്‍ത്തയോട് പ്രതികരിച്ച് ബസ് ഉടമ നടത്തിയ വാര്‍ത്താസമ്മേളനം ശ്രദ്ധിച്ചു-ശ്രീനിധി ബസ് ഉടമയോട് ഞങ്ങള്‍ക്ക് പറയാ
നുള്ളത് ഇവയാണ്-

ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന  ഇന്ത്യ നടത്തിയ മിലിറ്ററി ഓപ്പറേഷന്റെ പേരില്‍ പൊതുസമൂഹത്തില്‍ നിന്ന് ഡിഫന്‍സ് ഫണ്ട് പിരിക്കാന്‍ ആരാണ് താങ്കള്‍ക്ക് അനുമതി നല്‍കിയത്.

സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും വിവിധ ക്ഷേമഫണ്ടുകള്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിലവിലുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയും എത്രയോ വര്‍ഷങ്ങളായി ഇവിടെയുണ്ട്. രാജ്യരക്ഷാ ഫണ്ടും നിലവിലുണ്ട്. ഇതിലൊക്കെ പൊതുജനങ്ങള്‍ക്ക് ഇഷ്ടപ്പെട്ട തുക സംഭാവന നല്‍കാം. ഇതിന് ആദായനികുതി ഇളവും അനുവദിക്കാറുണ്ട്. വയനാട് ദുരന്തവും 2018 പ്രകൃതി ദുരന്തവും ഉണ്ടായപ്പോള്‍ കേരള മുഖ്യമന്ത്രി ആവശ്യപ്പെട്ട പ്രകാരം കഴിവനുസരിച്ച് രാജ്യത്തിന്റെയും ലോകത്തിന്റെയും വിവിധ ഭാഗങ്ങളില്‍ നിന്ന് പേരുപോലും പറയാതെ ലക്ഷക്കണക്കിനാളുകള്‍ പണം നല്‍കിയിട്ടുണ്ട്.

തെലങ്കാന മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ഒരുമാസത്തെ ശമ്പളം ഡിഫന്‍സ് ഫണ്ടിലേക്ക് നല്‍കിയത് ഇവര്‍ എടുത്തുകാണിക്കുന്നു. അത്തരത്തില്‍ 13 ബസുകളുടെ ഒരു ദിവസത്തെ കളക്ഷനോ ഒരുമാസത്തെ കളക്ഷനോ മറ്റ് വിധത്തിലുള്ള വരുമാനമോ ഡിഫന്‍സ് ഫണ്ടിലേക്ക് നല്‍കാന്‍ ശ്രീനിധി മുതലാളിക്ക് അവകാശമുണ്ട്. അതിനെ ആരും ചോദ്യം ചെയ്തിട്ടില്ല.

പക്ഷെ, ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന ബാനര്‍ സ്ഥാപിച്ച് യാത്രക്കാരായ പൊതുജനങ്ങളില്‍ നിന്ന് പണം പിരിച്ച് ഡിഫന്‍സ് ഫണ്ടിലേക്ക്
അടക്കാന്‍ ആരാണ് മുതലാളിയെ ചുമതലപ്പെടുത്തിയത്?

തെലങ്കാന മുഖ്യമന്ത്രി ആ സംസ്ഥാനത്തെ ജനങ്ങളില്‍ നിന്നോ ജീവനക്കാരില്‍ നിന്നോ പണം പിരിച്ചിട്ടില്ല. സ്വന്തം നിലക്കാണ് കൊടുത്തത്. അതിന് എല്ലാ ഇന്ത്യന്‍ പൗരന്‍മാര്‍ക്കും അവകാശമുണ്ട്. ഒരു ഇടത്തട്ടുകാരന്റെ അവശ്യമില്ല. അതുകൊണ്ടുതന്നെ മുതലാളിയുടെ ഉദ്ദേശശുദ്ധിയെ ആരെങ്കിലും സംശയിച്ചുപോയാല്‍ അതിന് ആരെയും കുറ്റം പറയാനാവില്ല.

(ഇന്നലെ രാഷ്ട്രത്തോടായി ചെയ്ത പ്രക്ഷേപണത്തില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ വെറുമൊരു പേരല്ലെന്നും ഒരു വികാരമാണെന്നും നമ്മുടെ പ്രധാനമന്ത്രി തന്നെ
വ്യക്തമാക്കിയിട്ടുണ്ട്. -ആ പേര് ഫണ്ട് പിരിക്കാനുള്ള ഒരു ബാനറായി മാറുന്നത് അംഗീകരിക്കാനാവില്ല).

ശ്രീനിധി മുതലാളി മാത്രമല്ല-125 കോടി വരുന്ന ഭാരതജനത മുഴുവനും ഇന്ത്യന്‍ സായുധസേനക്കൊപ്പമുണ്ട്. ഏതെങ്കിലും വിധത്തില്‍ ഡിഫന്‍സ് ഫണ്ട് വേണമെന്ന് ഉത്തരവാദപ്പെട്ടവര്‍ ആവശ്യപ്പെട്ടാല്‍ ഇവിടെ കെട്ടുതാലി പോലും പറിച്ച് നല്‍കാന്‍ ആളുകളുണ്ടാവുമെന്ന് മറക്കരുത്.

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷമാണ് മുതലാളി ഡിഫന്‍സ് ഫണ്ട് പിരിവിന് ഇറങ്ങിയത്.

ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടിയില്‍ എടുത്തുപറയത്തക്ക നാശനഷ്ടങ്ങള്‍ രാജ്യത്തിന് ഉണ്ടായതായി ഭാരത സര്‍ക്കാര്‍ പറഞ്ഞിട്ടില്ല.

വളരെ സുസജ്ജവും സുഭദ്രവുമായ ഒരു രാജ്യരക്ഷാ കവചം നമ്മുടെ രാജ്യത്തിന് നിലവിലുണ്ട്, പാക്കിസ്ഥാനെപോലെയല്ല ഇന്ത്യയുടെ അവസ്ഥ.

ശ്രീനിധി മുതലാളി നിരവധി സേവനപ്രവര്‍ത്തനങ്ങള്‍ നടത്തിയതായി എടുത്തുപറയുന്നുണ്ട്. അതിലൊന്നും ആര്‍ക്കും എതിരഭിപ്രായമില്ല. പക്ഷെ, ദേശീയ വികാരം മുതലെടുത്ത് ബാനര്‍ സ്ഥാപിച്ച് അദ്ദേഹം പണപ്പിരിവ് നടത്തിയതിനെ അംഗീകരിക്കാവാവില്ല.

ഇതിനെതിരെ പ്രതികരിച്ചതിന് ഡിഫന്‍സ് വിഭാഗവുമായി ബന്ധപ്പെട്ടും അല്ലാതെയും ഏതറ്റം വരെയും പോകും എന്ന അദ്ദേഹത്തിന്റെ തീരുമാനത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു.

സത്യം പുറത്തുവരാന്‍ അത് അവസരം ഒരുക്കും. ഞങ്ങളും അതിന് കാത്തിരിക്കുകയാണ്.

ഇത്തരം സമീപനങ്ങളെ പൊതുസമൂഹത്തോട് ഉത്തരവാദിത്വമുള്ള ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്നനിലയില്‍ തുടര്‍ന്നും എതിര്‍ക്കുമെന്നും അറിയിക്കട്ടെ.