പരിയാരത്ത് ഡോക്ടര്‍മാരുടെ കരിദിനാചരണവും പ്രതിഷേധ മാര്‍ച്ചും.

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ അധ്യാപകസംഘടനയായ ആംസ്റ്റയുടെ നേതൃത്വത്തില്‍ ഇന്ന് കരിദിനം ആചരിച്ചു.

2018 ഏപ്രില്‍ 14 ന് ഒരു ഓര്‍ഡിനന്‍സിലൂടെ പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ട് അഞ്ചു വര്‍ഷം പൂര്‍ത്തിയാകുമ്പോഴും ഡോക്ടര്‍മാരേയും ജീവനക്കാരേയും ആഗിരണം ചെയ്യുന്ന പ്രക്രിയ പൂര്‍ത്തിയാക്കിയിട്ടില്ല.

ജീവനക്കാരുടെ ശമ്പളപരിഷ്‌കരണം നടന്നിട്ട് പത്തുവര്‍ഷത്തിലേറെയായി. കാലാകാലങ്ങളില്‍ പ്രഖ്യാപിക്കുന്ന ഡി എ വര്‍ദ്ധനവ് നടപ്പിലാക്കുന്നില്ല.

ഇതുവഴി മറ്റു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരുടെ ശമ്പളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവിടെ ഡോക്ടര്‍മാര്‍ക്കു വളരെ കുറഞ്ഞ ശമ്പളമാണ് ലഭിക്കുന്നത്, അതു തന്നെ കൃത്യമായി വിതരണം ചെയ്യുന്നുമില്ല.

ഏറ്റവുമൊടുവിലായി ശബരിമല ഡ്യൂട്ടിയനുഷ്ഠിച്ച ഡോക്ടര്‍ക്ക് ആഗിരണപ്രക്രിയപൂര്‍ത്തിയാവാത്തതിനാല്‍ മറ്റുള്ളവര്‍ക്കുനല്‍കിയ അലവന്‍സുകള്‍ നിഷേധിച്ചിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ സര്‍ക്കാരിനോട് നിരന്തരം ആവശ്യപ്പെട്ടിട്ടും അനുകൂലമായ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതില്‍ കാട്ടുന്ന അലംഭാവത്തില്‍ പ്രതിഷേധിച്ചാണ് കരിദിനം ആചരിച്ചതെന്ന് ആംസ്റ്റ പ്രസിഡന്റ് ഡോ.കെ.രമേശന്‍ പറഞ്ഞു.

കറുത്ത ബാഡ്ജ് ധരിച്ചാണ് ഇന്ന് ഡോക്ടര്‍മാര്‍ ജോലിക്ക് ഹാജരായത്. കോളേജ് ഓഫീസിലേക്ക് മാര്‍ച്ചും സംഘടിപ്പിച്ചു. ആംസ്റ്റ സിക്രട്ടറി ഡോ.അനുപ് ജെ.മറ്റം, ഡോ.പി.അരുണ്‍കുമാര്‍, ഡോ.ബിഫി ജോയ്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ആഗിരണ പ്രക്രിയക്കു തടസമായി പറയുന്നത് മെഡിക്കല്‍ കോളേജിലെ ഒരു ഡോക്ടര്‍ അഡ്മിനിസ്‌ട്രേറ്റീവ്  ട്രൈബ്യൂണലില്‍
നല്‍കിയ പരാതിയാണ്.

അതിന്‍മേല്‍ നിലനില്‍ക്കുന്ന സ്‌റ്റേ നീക്കുന്നതിനായി ഒരു വര്‍ഷമായിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അഫിഡവിറ്റ് സമര്‍പ്പിക്കാനോ കേസ് തീര്‍പ്പാക്കാനോ യാതൊന്നും ചെയ്യുന്നില്ലെന്ന് പ്രതിഷേധപരിപാടി സംഘടിപ്പിച്ച ഡോക്ടര്‍മാര്‍ ആരോപിച്ചു.

പ്രസിഡന്റ് ഡോ.കെ.രമേശന്‍ അധ്യക്ഷത വഹിച്ചു. ഡോ.പ്രെറ്റി മാത്യു, ഡോ.ഗൗതം ഗോപിനാഥ്, ഡോ.ഷാമിന്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.