മേഘ കമ്പനിയിലേക്ക് ഡി.വൈ.എഫ്.ഐ പ്രതിഷേധ മാര്‍ച്ച് നടത്തി.

പിലാത്തറ വിളയാങ്കോട് ദേശീയപാതയില്‍ ഡിവൈഡറിനായി എടുത്ത കുഴിയിലെ വെള്ളക്കെട്ടില്‍ വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി ഡി വൈ എഫ് ഐ .കരാര്‍ കമ്പനിയുടെ ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധമാര്‍ച്ച് നടത്തി.

ഞായറാഴ്ച്ച രാത്രി പിലാത്തറ വിളയാങ്കോട് ശിവക്ഷേത്രത്തിനു സമീപം ദേശീയപാതയിലെ വെള്ളക്കെട്ടില്‍ വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ദേശീയ പാതാ നിര്‍മാണ കരാര്‍ കമ്പനിയായ മേഘയുടെ ക്യാമ്പ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.

മാര്‍ച്ച് ഓഫീസ് കോമ്പൗണ്ടിന്റെ ഗെയ്റ്റിനു വെളിയില്‍ പൊലീസ് തടഞ്ഞെങ്കിലും പ്രവര്‍ത്തകര്‍ അകത്തേക്കു തള്ളിക്കയറി.

തുടര്‍ന്ന് നേതാക്കള്‍ കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തി. 24 മണിക്കൂറിനുള്ളില്‍ എല്ലായിടത്തും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്നും അപകടസാധ്യതയുള്ള കുഴികള്‍ നികത്തുമെന്നും അധികൃതര്‍ ഉറപ്പു നല്‍കിയതായി ഡിവൈഎഫ്‌ഐ ജില്ലാസെക്രട്ടറിയേറ്റ് അംഗം സി.പി.ഷിജു പറഞ്ഞു.

ഉറപ്പുകള്‍ പാലിച്ചില്ലെങ്കില്‍ കമ്പനിയ്ക്ക് മുന്നില്‍ അനിശ്ചിതകാല ഉപരോധം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

എ സുധാജ്, എം.സജേഷ്, പി.വി.ശിവശങ്കരന്‍, പി.ജിതിന്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.