ആശുപത്രി അടച്ചുപൂട്ടി, ജീവനക്കാര്‍ കൂര്‍ഗിലേക്ക് വിനോദയാത്രപോയി, രോഗികള്‍ വലഞ്ഞു.
പിലാത്തറ: കുടുംബാരോഗ്യ കേന്ദ്രം അടച്ചിട്ട് ജീവനക്കാര്‍ കൂട്ടത്തോടെ വിനോദയാത്ര പോയതായി പരാതി. എരമം -കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ കുറ്റൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറും, മറ്റ് ജീവനക്കാരും കൂര്‍ഗ്ഗിലേക്ക് വിനോദയാത്ര പോയെന്നാണ് നാട്ടുകാരുടെ പരാതി. മലയോര മേഖലയില്‍ നിരവധി ആളുകള്‍ ആശ്രയിക്കുന്ന കുടുംബാരോഗ്യ കേന്ദ്രമാണിത്.
രോഗികള്‍ രാവിലെ എത്തിയപ്പോഴാണ് കേന്ദ്രം തുറക്കാത്ത നിലയില്‍ കണ്ടത്. വിവരമറിഞ്ഞ പഞ്ചായത്ത് അധികൃതര്‍ ഇക്കാര്യത്തില്‍ ഇടപെടുകയും കുടുംബക്ഷേമ ഉപകേന്ദ്രത്തിലെ എം.എല്‍.എസ്.പി നഴ്‌സസുമാരേയും ആശാ വര്‍ക്കറെയും നിയോഗിച്ച് കുടുംബാരോഗ്യ കേന്ദ്രം തുറപ്പിക്കുകയായിരുന്നു. മൂന്ന് ഡോക്ടര്‍മാര്‍ ഉള്ളതില്‍ രണ്ട് ഡോക്ടര്‍മാര്‍ വിനോദയാത്രയിലും, ഒരാള്‍ ലീവിലുമായതിനാലും, ഫാര്‍മസിസ്റ്റ് ഉള്‍പ്പെടയുള്ള ജീവനക്കാര്‍ വിനോദയാത്രയില്‍ പങ്കാളികള്‍ ആയതുമാണ് കുടുംബാരോഗ്യ കേന്ദ്രം തുറക്കാതിരിക്കാന്‍ കാരണമായി പറഞ്ഞത്.
ഗ്രാമ പഞ്ചായത്ത് അധികാരികളെ വിവരമറിയിക്കാതെയാണ് ഇവര്‍ വിനോദയാത്ര പോയതെന്നും ഈ വിഷയത്തില്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് ഡി.എം.ഒയെ ബന്ധപ്പെട്ടിട്ടുണ്ടെന്നും, ഇന്ന് പഞ്ചായത്ത് അധികൃതര്‍ ആശുപത്രിയിലെത്തി ബന്ധപ്പെട്ടവരുമായി നേരില്‍ സംസാരിച്ച ശേഷം ഡി.എം.ഒക്ക് രേഖാ മൂലം പരാതി നല്‍കുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.