വേഷംമാറി മദ്യം വാങ്ങാനെത്തിയ എക്‌സൈസിന് മുന്നില്‍ അയ്യുബ് കുടുങ്ങി.

തളിപ്പറമ്പ്: വേഷംമാറി മദ്യം വാങ്ങാനെത്തിയ എക്‌സൈസിന് മുന്നില്‍ ഒടുവില്‍ അയ്യൂബ് കുടുങ്ങി.

പന്നിയൂരിലെ പ്രധാന മദ്യവില്പനക്കാരനെയാണ് തളിപ്പറമ്പ് എക്‌സൈസ് തന്ത്രപരമായി കുടുക്കിയത്.

തളിപ്പറമ്പ് എക്‌സൈസ് റെയ്ഞ്ച് ഓഫീസിലെ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അഷറഫ് മലപ്പട്ടത്തിന്റെ നേതൃത്വത്തില്‍ പന്നിയൂര്‍ പൂമംഗലം ഭാഗങ്ങളില്‍ നടത്തിയ റെയിഡിലാണ് വിദേശമദ്യം വില്‍പ്പന നടത്തുന്നതിനിടയില്‍ പന്നിയൂര്‍ കക്കാട്ട് വീട്ടില്‍
അയ്യൂബ്(46) പിടിയിലായത്.

വര്‍ഷങ്ങളായി പന്നിയൂര്‍, പൂമംഗലം ഭാഗങ്ങളില്‍ മദ്യവില്പന നടത്തുന്ന ഇയാള്‍ എക്‌സൈസിനെ വെട്ടിച്ച് പലതവണ രക്ഷപ്പെടുകയായിരുന്നുവെന്ന് എക്‌സൈസ് സംഘം പറഞ്ഞു.

ഇന്നലെ ദിവസം വൈകുന്നേരം മദ്യം വാങ്ങാന്‍ എന്ന വ്യാജേന മഫ്തി വേഷത്തിലെത്തിയ എക്‌സൈസ് സംഘം വില്‍പ്പന നടത്തുന്നതിനടയില്‍ ഇയാളെ 13 കുപ്പി ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി (6.500 ലിറ്റര്‍) പിടികൂടുകയായിരുന്നു.

അസി. എക്‌സൈസ് ഇന്‍സ്പെക്ടര്‍ പി.പി.മനോഹരന്‍, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ കെ.വി.നികേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എ.വി.സജിന്‍, എം.വി.ശ്യാംരാജ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ സുനിത മീത്തല്‍ വീട്ടില്‍ എന്നിവരടങ്ങിയ സംഘമാണ് വളരെ തന്ത്രപരമായി അയ്യൂബിനെ പിടികൂടിയത്.

കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.